കൊടിയ വരള്‍ച്ചയിലും ഇവിടെയുണ്ട് പ്രതീക്ഷയുടെ പച്ചത്തുരുത്ത്
കരിന്തളം തലയടുക്കത്ത് കണ്‍നിറയെ പച്ചപ്പ്
കാസര്‍കോട് : കത്തുന്ന വേനലിലും കണ്ണിന് കുളിര്‍മയേകി വൈവിധ്യമാര്‍ന്ന ചെടികളും വൃക്ഷത്തൈകളും ആശ്വാസത്തിന്റെ തണല്‍ വിരിച്ചിരിക്കുകയാണ് കരിന്തളം തലയടുക്കത്ത്. 2021 ഓഗസ്റ്റ് 16നാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ഭൂമിയില്‍ പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ ഭാഗമായി നെന്മേനി വാക, പുന്ന പോലുള്ള വംശനാശ സസ്യങ്ങള്‍ ഉള്‍പ്പെടെ 1700 ഇനം പ്രാദേശിക സസ്യങ്ങള്‍ പ്രദേശത്ത് നട്ടു. സസ്യങ്ങളുടെ പരിപാലനം തൊഴിലാളി കൂട്ടായ്മ ഏറ്റെടുത്തതോടെ ഹരിതസമൃദ്ധിയിലേക്കുള്ള വിജയകരമായ തുടക്കമായി പച്ചത്തുരുത്ത് പദ്ധതി മാറി. ചെങ്കല്‍ പാറയായി രുന്ന തലയടുക്കം ഫാക്ടറി പ്രദേശംഇന്ന് സസ്യങ്ങളാലും പൂക്കളാലും പൂമ്പാറ്റകളാലും തേനീച്ചകളാലും സമ്പന്നമാണ്. ശലഭങ്ങളുടെയും തേനീച്ചകളുടെയും വരവോടെ സമീപത്തെ കാര്‍ഷിക വിളകളിലേക്കുള്ള പരാഗണവും നടക്കുന്നത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാവുകയാണ്. വെള്ളം നനച്ച് പരിപാലിക്കാന്‍ തൊഴിലാളികള്‍ രംഗത്തിറങ്ങിയതാണ് കൊടുംവരള്‍ച്ചയിലും പച്ചത്തുരുത്തിലൂടെ പക്ഷികള്‍ക്കും ജന്തു ജീവജാലങ്ങള്‍ക്കും ആവാസ വ്യവസ്ഥ സൃഷ്ടിക്കാന്‍ കാരണമായത്. കെ.സി.സി.പി.എല്‍ എംഡി. ആനക്കൈ ബാലകൃഷ്ണന്, നവകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്, ഹരിത കേരള മിഷന് സംസ്ഥാന അസി.കോര്‍ഡിനേറ്റര്‍ ടി.പി.സുധാകരന്, ജൈവവൈവിധ്യ വിദഗ്ധന്‍ വി.സി.ബാലകൃഷ്ണന് തുടങ്ങിയവര്‍ കെ.സി.സി.പി.എല്‍ന്റെ കരിന്തളം യൂണിറ്റ് സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജൂലൈയില്‍ പ്രത്യേക ക്യാമ്പ് നടത്തി 20 വിദ്ഗ്ധരെ പങ്കെടുപ്പിച്ച് ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. പ്രദേശത്ത് ശലഭ പാര്‍ക്ക് രൂപീകരിക്കാനും പദ്ധതിയുണ്ട്