എസ്പിജി ഡയറക്ടറായി അരുൺ കുമാർ സിൻഹ തുടരും
ഡല്‍ഹി: സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഡയറക്ടറായി അരുൺ കുമാർ സിൻഹ തുടരും. കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകി. ഇന്ന് വിരമിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്.ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ്(DoPT) പുറത്തിറക്കിയത്.
“മെയ് 31-ന് ശേഷമുള്ള ഒരു വർഷത്തേക്കോ അല്ലെങ്കിൽ അടുത്ത ഉത്തരവുകൾ വരുന്നതുവരെയോ, ഏതാണ് നേരത്തെയോ അത് വരെ, കരാർ അടിസ്ഥാനത്തിൽ സിൻഹയെ വീണ്ടും ജോലിക്ക് നിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്,” DoPT ഉത്തരവിൽ പറയുന്നു.
പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് സിന്‍ഹ. എസ്പിജി ഡയറക്ടര്‍ ആണെങ്കിലും അരുണ്‍കുമാര്‍ സിന്‍ഹ പ്രധാനമന്ത്രിയോടൊപ്പമോ അല്ലാതെയോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറില്ല. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സിന്‍ഹ.അതേസമയം ഡിജിപിമാരായ അഗ്നിരക്ഷാ വിഭാഗം മേധാവി ബി.സന്ധ്യ, എക്സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന് എന്നിവര്‍ ഇന്ന് വിരമിക്കും. എഡിജിപിമാരായ കെ പദ്മകുമാറും ഷേയ്ഖ് ദര്‍വേഷ് സാഹിബും ഡിജിപി റാങ്കിലെത്തും. ജൂണ്‍ 30ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തും ജൂലൈ 31ന് മനുഷ്യാവകാശ കമ്മിഷന് ഡിജിപി ടോമിന് ജെ. തച്ചങ്കരിയും വിരമിക്കും. ഇതോടെ പൊലീസ് തലപ്പത്ത് വലിയ അഴിച്ചുപണിയാണുണ്ടാവുക.