അടിസ്ഥാന വിഭാഗ ജനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുകയാണ് സര്‍ക്കാരിന്റെ നയം ; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
സാധാരണക്കാര്‍ക്കും അടിസ്ഥാന വിഭാഗ ജനങ്ങള്‍ക്കും വലിയ പരിഗണന നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രിമാരുടെ നേതൃത്വത്തില്‍ സാധാരണക്കാരിലേക്ക് ഇറങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുവെന്നും തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ‘കരുതലും കൈതാങ്ങും’ മഞ്ചേശ്വരം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളുടെ പരാതികള്‍ക്ക് വളരെ പെട്ടെന്ന് തന്നെ പരിഹാരം സാധ്യമാക്കുക എന്നതാണ് ഈ അദാലത്തുകളുടെ പ്രധാന ലക്ഷ്യം. പൗരന്മാരുടെ അവകാശങ്ങളും, ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കുവാനും, സാങ്കേതിക തടസ്സങ്ങള്‍ കാരണമായി തടയപ്പെട്ടതും, ലഭ്യമാകാത്തതുമായ ആനുകൂല്യങ്ങള്‍ വളരെ എളുപ്പത്തില്‍ ഉപഭോക്താക്കളില്‍ എത്തിക്കാനും വേണ്ടിയാണ് ഇത്തരം താലൂക്ക് അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളില്‍ ഇതിനോടകം പൂര്‍ത്തിയായ താലൂക്ക് അദാലത്തുകള്‍ വഴി ആയിരക്കണക്കിന് പരാതികള്‍ക്കാണ് പരിഹാരം കാണാന്‍ സാധിച്ചത്. മഞ്ചേശ്വരം താലൂക്കിലെ പരാതികള്‍ക്കും പരിഹാരം കണ്ടെത്തും. മന്ത്രിമാരുടെ നേതൃത്വത്തില്‍ സാധാരണക്കാരിലേക്ക് ഇറങ്ങിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. ആരോഗ്യ സൂചികയിലും ജീവിത നിലവാര സൂചികയിലും പ്രാഥമിക വിദ്യാഭ്യാസ നിലവാരത്തിലും ലിംഗ സമത്വത്തിലും തുടങ്ങി എല്ലാ മേഖലകളിലും മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ് കേരളം. എല്ലാവര്ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതും സാമൂഹിക നീതിയിലധിഷ്ഠിതവുമായ വികസനമുറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത് കൊണ്ടാണ് എല്ലാ മേഖലയിലും മുന്നിലെത്താന്‍ സാധിക്കുന്നത്. സമൂഹത്തിലെ അടിസ്ഥാന വിഭാഗ ജനങ്ങളെയും സാധാരണക്കാരെയും പരിഗണിച്ചും, മുന്തിയ പരിഗണന നല്‍കിയുമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും മന്ത്രി പറഞ്ഞു.
എ.കെ.എം.അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരത്തെ ആവശ്യങ്ങള്‍ വളരെ പ്രാധാന്യത്തോടെ എപ്പോഴും സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാറുണ്ടെന്നും കഴിഞ്ഞ ആഴ്ച തീരദേശമേഖലയിലെ ജനങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച തീരസദസ്സ് വളരെ പ്രയോജനമായിരുന്നുവെന്നും എ.കെ.എം.അഷ്റഫ് എം.എല്‍.എ പറഞ്ഞു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ മുഖ്യാതിഥിയായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷെമീന ടീച്ചര്‍, മംഗല്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റുബീന നൗഫല്‍, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജീന്‍ ലെവീന മൊന്തേരോ, പൈവളികെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജയന്തി, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആള്‍വ, എന്മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ്.സോമശേഖര തുടങ്ങിയവര്‍ സംസാരിച്ചു. എ.ഡി.എം കെ.നവീന്‍ ബാബു സ്വാഗതവും കാസര്‍കോട് (എല്‍.ആര്) ഡെപ്യൂട്ടി കളക്ടര്‍ ജഗ്ഗി പോള്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ മഞ്ചേശ്വരം താലൂക്ക് കരുതലും കൈത്താങ്ങും മന്ത്രിതല അദാലത്ത് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യുന്നു