തൊഴിൽ വിസ പാസ്പോർട്ടിൽ പതിച്ച് നൽകാൻ വിരലടയാളം നിർബന്ധമാണെന്ന നിയമം മരവിപ്പിച്ചു; നടപടി നിശ്ചിത കാലത്തേയ്ക്ക് മാത്രം
റിയാദ്: തൊഴിൽ വിസ പാസ്പോർട്ടിൽ പതിച്ച് നൽകാൻ വിരലടയാളം നിർബന്ധമാണെന്ന നിയമം മരവിപ്പിച്ച ആശ്വാസത്തിൽ പ്രവാസികൾ. അപേക്ഷകർ വിഎഫ്എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണമെന്ന് നിയമം പ്രബല്യത്തിൽ വരുന്നതിന് മുൻപ് തന്നെ മരവിപ്പിക്കുകയായിരുന്നു, നിശ്ചിത കാലത്തേയ്ക്ക് മാത്രമാണ് നടപടിയെന്നതിനാൽ താത്കാലിക ആശ്വാസം മാത്രമായിരിക്കും ഇക്കാര്യത്തിൽ പ്രവാസികൾക്ക് ലഭിക്കുക.
പുതിയ നിയമം മേയ് അവസാന വാരത്തോടെ പ്രാബല്യത്തിൽ വരുമെന്ന് ഈ മാസം 23-നാണ് സൗദി കോൺസുലേറ്റ് അറിയിച്ചിരുന്നത്. എന്നാൽ ജൂൺ 28 ബലിപെരുന്നാൾ ദിനം വരെ നിയമം മരവിപ്പിക്കുകയാണെന്ന സന്ദേശം അധികൃതർ ട്രാവൽ ഏജൻസികൾക്ക് കൈമാറുകയായിരുന്നു. പെരുന്നാൾ അവധി കഴിഞ്ഞ് കോൺസുലേറ്റ് വീണ്ടും പ്രവർത്തനം ആരംഭിക്കുമ്പോഴായിരിക്കും നിയമത്തിന്റെ തുടർന്നുള്ള സാധുതയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുക. എന്നാൽ സന്ദർശക വിസകൾക്ക് വിഎഫ്എസ് സെന്ററിലെത്തി വിരലടയാളം നൽകണമെന്ന നിയമത്തിന് നിലവിലെ ഇളവ് ബാധകമല്ല.