ഇനി കാൻസറിനുള്ള മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ കേരളത്തിൽ ലഭിക്കും; ഉത്പാദനം ഉടൻ ആരംഭിക്കും
ആലപ്പുഴ : പൊതുമേഖലാ സ്ഥാപനമായ കലവൂർ കെ.എസ്.ഡി.പിയിൽ കാൻസർ മരുന്ന് നിർമ്മാണത്തിനുള്ള ഓങ്കോളജി ഫാർമ പാർക്ക് നിർമ്മാണോദ്ഘാടനം 29ന് മന്ത്രി പി.രാജീവ് നിർവഹിക്കും. പാർക്ക് നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ കാൻസർ രോഗികൾക്ക് കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാനാവും. അടുത്ത വർഷത്തോടെ മരുന്ന് ഉത്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന 160 കോടി രൂപയുടെ പദ്ധതിയാണിത്. സഹകരണ വകുപ്പ് വിട്ടുനൽകിയ 6.38 ഏക്കർ സ്ഥലത്ത് ചുറ്റുമതിൽ നിർമ്മാണം നടത്തി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കാൻസർ മരുന്ന് നിർമ്മാണത്തിൽ കെ.എസ്.ഡി.പിക്ക് സുപ്രധാന റോൾ വഹിക്കാനാവും. 150 കോടിയുടെ കരട് പദ്ധതിയാണ് ആദ്യം കെ.എസ്.ഡി.പി തയ്യാറാക്കിയത്. പിന്നീട്, വിശദമായ ചർച്ചയിൽ പദ്ധതി വിപുലീകരിച്ചു.