ഉത്തർപ്രദേശിൽ നിന്നും 15 വർഷം മുൻപ് രാംകുവർ തൊഴിൽ തേടി കാസർകോട് എത്ത്തിയപ്പോൾ ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല; സാധനക്ക് ഇനി ഡോക്ടർ ആകണം
ചിറ്റാരിക്കാൽ ∙ എസ്എസ്എൽസി പരീക്ഷയിൽ മിന്നും വിജയം നേടി അതിഥി തൊഴിലാളിയുടെ കുടുംബത്തിലെ പെൺകുട്ടി. തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സാധന രാംകുവറാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി നാടിന്റെ അഭിമാനമായത്.
ഉത്തർപ്രദേശിലെ സലഹബാദിൽനിന്നും 15 വർഷം മുൻപാണ് തൊഴിൽ തേടി കുടുംബം ചിറ്റാരിക്കാലിലെത്തിയത്. പൈന്റിങ് തൊഴിലിൽ വിദഗ്ധനായ അച്ഛൻ രാംകുവാർ വളരെ പെട്ടെന്ന് തന്നെ നാട്ടുകാരുടെ ഇഷ്ടക്കാരനായി മാറി. അമ്മ ഷോബ കൂലിപ്പണിക്ക് പോയി ഈ കുടുബത്തിന് പിന്തുണ ആയതോടെ പ്രേദേശത്തെ കാര കോളനിയിലെ 4 സെന്റ് ഭൂമിയിൽ കൂരവച്ചു താമസിച്ചു തുടങ്ങിയതോടെയാണ് ഇവർ കേരളത്തിന്റെ മക്കളായയി മാറിയത് .
തോമാപുരം സ്കൂളിലെ ഇംഗ്ലിഷ് മീഡിയം സിലബസിലാണ് സാധന പഠിച്ചത്. ഹിന്ദി സാഹിത്യ മത്സരങ്ങളിലും സാധന ജില്ലാ തലത്തിൽ വിജയിച്ചിട്ടുണ്ട്. 4 പെൺകുട്ടികളുള്ള ഇവരുടെ കുടുംബത്തിലെ മൂത്തയാൾ വന്ദന ബെംഗളൂരുവിൽ ബിഎസ്സി നഴ്സിങ് വിദ്യാർഥിനിയാണ്. ഇളയ മക്കളായ ആരാധനയും അമിഗയും തോമാപുരം സ്കൂളിൽ 10, 7 ക്ലാസുകളിൽ പഠിക്കുകയാണ്.
മലയാളത്തോട് ഏറെ താൽപര്യമുള്ള ഈ കുട്ടികളെല്ലാം പഠനത്തിൽ മിടുക്കികളാണ്. തോമാപുരം സ്കൂളിൽത്തന്നെ പ്ലസ് ടു കോഴ്സിനു ചേർന്നു പഠിക്കാനും ഭാവിയിൽ ഡോക്ടറാകണമെന്നുമാണ് ഈ പെൺകുട്ടിയുടെ ആഗ്രഹം.