കാസർകോട് സൺ റൈസ് അമ്യൂസ്മെന്റ് പാർക്കിൽ തീപിടിത്തം; 5 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു.
വിദ്യാനഗർ∙ അമ്യൂസ്മെന്റ് പാർക്കിൽ തീപിടിത്തം. 5 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. കാസർകോട് നഗരസഭാ സ്റ്റേഡിയത്തിനടുത്തുള്ള സൺ റൈസ് അമ്യൂസ്മെന്റ് പാർക്കിൽ ഇന്നലെ ഉച്ചയ്ക്കാണു തീപിടുത്തം ഉണ്ടായത്. അമ്യൂസ്മെന്റ് പാർക്കിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലേക്ക് പോകുന്ന കവാടത്തിനും ഇതോട് ചേർന്ന് സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിക്കുമാണ് തീ പടർന്നത്. കാസർകോട് നിന്ന് അഗ്നി രക്ഷാസേനയെത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയതിനാൽ വലിയനഷ്ടം ഒഴിവാകുകയായിരുന്നു.
എരിയാൽ സ്വദേശി മജീദിന്റെ ഉടമസ്ഥതയിലുള്ള സംഘം ഇവന്റ് മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് അമ്യൂസ്മെന്റ് പാർക്ക്. മേശ, കസേര, ഇലക്ട്രിക്ക് വയറിങ് സാധനങ്ങൾ എന്നിവ കത്തി നശിച്ചു. സ്റ്റേഡിയത്തിലേക്കുള്ള റോഡിൽ മതിലിനോട് ചേർന്നുള്ളതാണ് കവാടം. ഈ ഭാഗത്ത് വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ല. റോഡിലൂടെ പോകുന്നവരാരെങ്കിലും സിഗരറ്റ് കുറ്റിയോ മറ്റോ ഉള്ളിലേക്ക് വലിച്ചെറിഞ്ഞതാകും തീപിടുത്തത്തിനിടയാക്കിയതെന്ന് സംശയിക്കുന്നതായി പറയുന്നു. കാസർകോട് നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം കൗൺസിൽ അടിസ്ഥാന സൗകര്യമൊരുക്കി ലീസിന് നൽകിയതാണ് അമ്യൂസ്മെന്റ് പാർക്ക്.