സ്വർണത്തിൽ പൂട്ടിട്ട് കേന്ദ്രസർക്കാർ; 10 ലക്ഷത്തിനുമുകളിലുള്ള ഇടപാടുകളിൽ വ്യാപാരികൾക്ക് മാർഗനിർദേശം
കൊച്ചി: തീവ്രവാദത്തിന് പണമെത്തുന്നതും കള്ളപ്പണം വെളുപ്പിക്കലും തടയാനായി ‘സ്വർണത്തിൽ’ പൂട്ടിട്ട് കേന്ദ്രസർക്കാർ. 10 ലക്ഷം രൂപയ്ക്കുമേലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ഇനി അഞ്ചുവർഷംവരെ വ്യാപാരികൾ സൂക്ഷിക്കണം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ.) ഭേദഗതിചെയ്തതിന് പിന്നാലെയാണ് രാജ്യത്തെ സ്വർണ-രത്ന വ്യാപാരികൾക്കായി പ്രത്യേക മാർഗനിർദേശം കേന്ദ്രം പുറത്തിറക്കിയത്.
ഇടപാടുകൾ സംശയാസ്പദമെന്ന് തോന്നുന്നുണ്ടെങ്കിൽ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ (എഫ്.ഐ.യു. ഇന്ത്യ) അറിയിക്കണം. ഇതിനായി ഇടപാടുകരുടെ തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പെടെ സൂക്ഷിക്കണം. എഫ്.ഐ.യു.വുമായി ബന്ധപ്പെടുന്നതിന് വ്യാപാരസ്ഥാപനങ്ങളിലെ ഉന്നതോദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ഫലത്തിൽ എല്ലാതരം ഇടപാടുകളുടെയും രേഖകൾ സൂക്ഷിക്കാൻ സ്വർണവ്യാപാരികളടക്കം ബാധ്യസ്ഥരാകും.
രാജ്യത്തെ ജൂവലറി വ്യവസായത്തെ മുഴുവനായും 2020 ഡിസംബർ 28 മുതൽ ധനകാര്യമന്ത്രാലയം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു. പിന്നാലെയാണിപ്പോൾ ഡയറക്ടർ ജനറൽ ഓഫ് ഓഡിറ്റ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ഭേദഗതിയും മാർഗനിർദേശവും പുറത്തിറക്കിയത്.
സ്വർണം, വെള്ളി, പ്ലാറ്റിനം, വജ്രം, മരതകം തുടങ്ങിയവ ഉൾപ്പെടെയുള്ളവയുടെ വ്യാപാരം നടത്തുന്നവർക്കാണ് ഇത് ബാധകം.