ആറ് മാസം ജോലി ചെയ്ത കട; അർധരാത്രിയെത്തി ഗ്ലാസ് തകർത്തു, അകത്ത് കടന്ന് ലക്ഷങ്ങളുടെ മോഷണം
മലപ്പുറം: തിരൂരിലെ ചെരുപ്പ് കടയിൽ നിന്ന് 10 ലക്ഷത്തോളം രൂപ കവർന്ന സംഭവത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്. തിരൂർ താഴെപാലം സീനത്ത് ലെതർ പ്ലാനറ്റിലാണ് ലക്ഷങ്ങളുടെ കവർച്ച നടന്നത്. കൊലുപ്പാലം സ്വദേശിയും ഈ കടയിൽ മുമ്പ് ജോലി ചെയ്തിരുന്ന കുറ്റിക്കാട്ടിൽ നിസാമുദ്ദീൻ (24) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ജീവനക്കാർ കട തുറക്കാനെത്തിയപ്പോഴായിരുന്നു സംഭവം അറിഞ്ഞത്.
ഓഫീസിന്റെ ഗ്ലാസ് തകർത്ത് അകത്ത് കടന്ന് മേശയിൽ നിന്നും സെയിൽസ് കൗണ്ടറിൽനിന്നുമായാണ് പണം കവർന്നിരുന്നത്. വ്യാഴാഴ്ച രാത്രി 11.30 വരെ സ്ഥാപനത്തിൽ ജീവനക്കാരുണ്ടായിരുന്നു. പ്രതിയെ പെട്ടെന്ന് പിടികൂടാൻ നിർണായകമായത് സി സി ടി വി ദൃശ്യങ്ങൾ വഴിയാണ്. ആറ് മാസത്തോളം സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുള്ള നിസാമുദ്ദീനെ കൃത്യമായി ജോലിക്ക് എത്താത്തതിനാൽ പെരുന്നാളിന് ശേഷം പിരിച്ചുവിട്ടിരുന്നു.
ഇതിലുള്ള വൈരാഗ്യം തീർക്കാൻ ആസൂത്രണം ചെയ്ത് കവർച്ച നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തൊണ്ടി മുതൽ ഉൾപ്പടെ പൊലീസ് കണ്ടെത്തി വരികയാണ്. സ്ഥാപനത്തിൽ വിരലടയാള വിദഗ്ധരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന നടത്തി. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് സ്ഥാപനത്തിലെ ജീവനക്കാർ ആളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. കവർച്ച നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പൊക്കിയതോടെ താരമായി മാറിയിരിക്കുകയാണ് തിരൂർ പൊലീസ്. പ്രതി നിസാമുദ്ദീന് പുറത്ത് നിന്ന് സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
അതേസമയം, തിരുവനന്തപുരം നഗരത്തിലെ വൻ മോഷണങ്ങൾക്ക് പിന്നിലെ കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയിലായിരുന്നു. വഞ്ചിയൂർ സ്വദേശിയായ ജയകുമാറിനെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നഗരത്തിൽ വീട് കുത്തിതുറന്ന് 47 പവൻ കവർന്നത് ഇയാളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിരുവനന്തപുരം നഗപരിധിയിൽ മാത്രം പതിനൊന്ന് മോഷണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.