കാസർകോട്: മേല്പറമ്പിന് സമീപം കൈനോത്ത് ഭൂമി പാട്ടത്തിനെടുത്ത് സ്ഥാപിച്ച മൊബൈൽ ഫോൺ ടവർ നാൾക്കുനാൾ ചെരിഞ്ഞു പരിസരവാസികളിൽ ഭീതിയുളവാക്കിയതായി പരാതി.ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പ്രവർത്തനം തുടങ്ങുന്നത് അനിശ്ചിതമായി നീളുന്നതിനിടയിലാണ് ടവറിൽ ചെരിവ് പ്രത്യക്ഷപ്പെട്ടുവെന്ന പരാതിയുമായി പരിസരവാസികൾ രംഗത്ത് വന്നത്.ഇതുസംബന്ധിച്ച ഭീതിയും ആശങ്കകളും ജില്ലാ കളക്ടർ ഡോ.ഡി.സജിത്ത് ബാബുവിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ജില്ലാ കളക്ടർ കൈനോത്തെത്തി ടവറും പരിസരവും പരിശോധിച്ച് റിപ്പോട്ട് സമർപ്പിക്കാൻ എ.ഡി.എം.ദേവീദാസന്റെ നേതൃത്വത്തിലുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.കൈനോത്തെ ചെരിഞ്ഞ ഗോപുരത്തിന്റെ ദൃശ്യം സ്ഥലത്തെ ടവർ പ്രതിരോധ സമിതി ബി.എൻ.സിക്ക് കൈമാറി.
അതിനിടെ കൈനോത്തെ ടവർ നിർമാണം അടിമുടി അശാസ്ത്രീയമാണെന്ന് പ്രതിരോധസമിതി പറയുന്നു.ഇത് ഇവിടെ സ്ഥാപിക്കാൻ വഴിവിട്ട നടപടികളാണ് ആദ്യം മുതൽ കൈക്കൊണ്ടത്.ചെമ്മനാട് ഗ്രാമ പഞ്ചായത്തിനും ഇക്കാര്യത്തിൽ ഗുരുതര വീഴ്ചകളുണ്ടായി.പ്രദേശവാസികളുടെ ആശങ്കകളും ഭീതിയും പരാതിയും അകറ്റാതെയാണ് സ്വകാര്യ കമ്പനി ടവർ ഉയർത്തിയത്.അതിനിടെ പ്രതിരോധ സമിതി ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയപ്പോൾ പരാതിക്കാരുടെ ആശങ്കകൾ പരിഹരിക്കണമെന്നും ടവറിലുണ്ടായ ചെരിവ് അകറ്റിയതിനു ശേഷം മാത്രമേ വൈദ്യുതി ബന്ധം നൽകാവൂവെന്നും ഉത്തരവുണ്ട്.അതിനിടെ ടവർ കമ്പനിക്കാരും ചില ഉദ്യോഗസ്ഥരും ചേർന്ന് ടവർ പ്രവർത്തിപ്പിക്കാൻ വഴിവിട്ട നടപടികളിലേക്ക് നീങ്ങിയപ്പോഴാണ് ജില്ലാ കളക്ടർ നാട്ടുകാരുടെ ഭീതി കണക്കിലെടുത്ത് എ.ഡി.എം നയിക്കുന്ന വിദഗ്ധ സംഘത്തെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്.കളക്ടറുടെ നീക്കത്തെ പ്രദേശവാസികളും പ്രതിരോധ സമിതിയും സ്വാഗതം ചെയ്തു.ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ കളനാട് വില്ലേജിൽ 17 -ആം വാർഡിലാണ് വിവാദമായ ചെരിഞ്ഞ മൊബൈൽ ടവർ.