ജൂണ്‍ അഞ്ചോടുകൂടി ജില്ലയിലെ 75 ശതമാനം തദ്ദേശ സ്ഥാപനങ്ങളും വലിച്ചെറിയല്‍ മുക്ത പഞ്ചായത്തുകളാകും
കാസര്‍കോട് : ജൂണ്‍ അഞ്ചോടുകൂടി 75 ശതമാനം തദ്ദേശ സ്ഥാപനങ്ങളും വലിച്ചെറിയല്‍ മുക്ത പഞ്ചായത്തുകളാകും. മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകളും നഗരസഭകളും മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നുവരികയാണ്. മാലിന്യ മുക്തമായി പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളില്‍ അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. കാലങ്ങളായി മാലിന്യകൂമ്പാരമായി നില്ക്കുന്ന ഇടങ്ങളെ പൂന്തോട്ടങ്ങളാക്കി സൂക്ഷിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. എന്‍.ആര്.ഇ.ജി.എസും സ്റ്റുഡന്റ്് എസ്.പി.എസും ഇവയുടെ പരിപാലനം ഏറ്റെടുക്കും. ഹരിത കര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഗാര്‍ഹിക, വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യ നിര്‍മ്മാര്‍ജ്ജനം വേഗത്തിലാക്കും. ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും. ഇറച്ചി മാലിന്യ സംസ്ക്കരണത്തിന് ജില്ലാതലത്തില്‍ ഒരു പദ്ധതി നടപ്പിലാക്കും. സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സംവിധാനവും സി.സി ടിവി സൗകര്യവും ഉപയോഗപ്പെടുത്തും. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പുഴകളും നീര്‍ചാലുകളും ശുചീകരിക്കും. ബഹുജന പങ്കാളിത്തത്തോടുകൂടി രാവും പകലും നീളുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നടന്നു വരുന്നത്. ഖര മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടങ്ങളില്‍ തന്നെ സംസ്ക്കരിക്കേണ്ട ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള മാലിന്യകൂമ്പാരങ്ങളും മാലിന്യങ്ങള്‍ സ്ഥിരം നിക്ഷേപിക്കുന്ന ഇടങ്ങളും നിലവില്‍ ശുചീകരിച്ചു വരികയാണ്. മാലിന്യ പ്രശ്നം രൂക്ഷമായിരുന്ന മംഗല്പാടി പഞ്ചായത്ത് കൂടുതല്‍ ശക്തമായ മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിലാണ്. ഓഫീസുകളില്‍ ജൂണ്‍ മാസം മുതല്‍ ഗൈഡിങ് സംഘം സന്ദര്‍ശിച്ച് എ.ബി.സി.ഡി സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കും. സ്കൂളുകള്‍ തുറക്കുന്നതിന് മുന്നേതന്നെ ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ശുചിമുറികള്‍ ശുചീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.