സ്കൂട്ടറുകളില്‍ പവര്‍ കൂട്ടി വില്പന; ക്രമക്കേട് കണ്ടെത്തിയ നാല് ഷോറൂമുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം
കൊച്ചി: നഗരത്തിലെ ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന. സ്കൂട്ടറുകളില്‍ കൃത്രിമം കാട്ടുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ നാല് ഷോറൂമുകളില്‍ നിയമലംഘനം കണ്ടെത്തി. ഗതാഗത കമ്മിഷണര്‍ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൊച്ചിയിലെ 12 ഷോറൂമുകളില്‍ എം.വി.ഡി പരിശോധന നടന്നത്. സ്കൂട്ടറുകളില്‍ നിര്‍ദേശിച്ചതിലും അധികം പവര്‍ കൂട്ടിയാണ് വില്‍പ്പന നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകളില്‍ 1,000 വാട്ട് വരെ പവര്‍ കൂട്ടിയാണ് വില്പന നടക്കുന്നത്. ക്രമക്കേട് കണ്ടെത്തിയ നാല് ഷോറൂമുകള്‍ അടച്ചുപൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 12 ബ്രാന്‍ഡുകള്‍ക്ക് നോട്ടിസും നല്‍കിയിട്ടുണ്ട്. വിവിധ ഷോറൂമുകള്‍ക്ക് പിഴ ഈടാക്കിയിട്ടുമുണ്ട്. ലൈസന്‍സ് വേണ്ടാത്ത സ്കൂട്ടറുകളുടെ പരമാവധി വേഗത 25 കി.മീറ്ററാണ്. 250 വാട്ട് ബാറ്ററിയാണ് ഈ വാഹനങ്ങളിലുള്ളത്. ഇവ കൊച്ചി നഗരത്തിലടക്കം 48 കി.മീറ്റര്‍ വരെ വേഗതയില്‍ ഓടുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് ഗതാഗത വകുപ്പിന്റെ പരിശോധന.