അനധികൃത മത്സ്യബന്ധനത്തിനെതിരെ കര്‍ശന നടപടിയുണ്ടാകും : മന്ത്രി സജി ചെറിയാന്
കാസർകോട് : പൊതു സമൂഹത്തിനൊപ്പം തീരദേശ മേഖലയിലെ ജനതയും ഉയര്‍ന്ന് വരണമെന്ന് മത്സ്യബന്ധനം സാംസ്കാരികം യുവജനകാര്യം വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. കെട്ടിയിട്ട വിഭാഗമാണ് ഈ മത്സ്യമേഖല. പൊതു സമൂഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപാടുകള്‍ ഉണ്ടാകണം. ആരുടെ മുന്നിലും തല കുനിക്കേണ്ട കാര്യമില്ല. കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്കെന്നും അദ്ദേഹം പറഞ്ഞു. മത്സ്യ തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളും അവര്‍ അറിയുന്നില്ല. അതിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കണം.
ഏത് വരെ പഠിക്കണമോ അവിടെ വരെ പഠിക്കാനുള്ള സൗജന്യ വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പാക്കും. കെഡിസ്ക്കുമായി സഹകരിച്ച് തീരദേശ മേഖയില്‍ ജോബ് ഫയറുകള്‍ നടത്തും. മത്സ്യബന്ധനമല്ലാതെ മറ്റൊരു തൊഴില്‍ കൂടി ഉറപ്പാക്കും. തീരദേശ മേഖലയില്‍ കഴിഞ്ഞ 7 വര്‍ഷം കോടിക്കണക്കിന് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇത്തരം പ്രവര്‍ത്തികളുടെ പരിശോധനയാണ് ഈ തീരദേശ സദസ്സുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. തീരദേശ സദസുകളിലൂടെ ലഭിച്ച പരാതികള്‍ക്ക് 6 മാസം കൊണ്ട് കൃത്യമായ പരിഹാരം കാണും. അതിനായി ത്രിതല സംവിധാനം ഉണ്ട്. ആര്‍ക്കും ഒരു ആശങ്കയും വേണ്ടെന്നും നടക്കാത്ത കാര്യങ്ങള്‍ ആണെങ്കില്‍ അവ എന്തുകൊണ്ട് നടക്കില്ലെന്ന് കൃത്യമായി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. തീരമേഖലയിലെ സി.ആര്.സെഡ് പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. അനധികൃത മത്സ്യ ബന്ധനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ലൈഫ് ജാക്കറ്റുകളുടെ ഉപയോഗം കര്‍ശനമാക്കും. ഉദാസീനമായ സമീപനമാണ് പലരും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി പരിഷ്കരിക്കുമെന്നും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും മത്സ്യ തൊഴിലാളിയെ രക്ഷിക്കണം. മത്സ്യത്തിന് ന്യായവില നടപ്പാക്കും. മത്സ്യമേഖലയില്‍ മയക്കുമരുന്നിന്റെ സ്വാധീനം കൂടുന്നുവെന്നും ഇതിന്റെ ഭാഗമായി വലിയ തരത്തിലുള്ള ബോധവത്കരണം ആരംഭിക്കാന്‍ പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടയത്തിന്റെ പ്രശ്നത്തിനും പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് ജില്ലയിലെ തീരദേശ മേഖലയില്‍ 80 ഏക്കറോളം സ്ഥലം സര്‍വേയില്‍ വരാത്ത സ്ഥലമുണ്ട്. മൂന്ന് മാസത്തിനകം അത് അളന്ന് തിട്ടപ്പെടുത്തി ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
ട്രോളിംഗ് ജൂണ്‍ 10 ന് ആരംഭിക്കും. ട്രോളിംഗിന്റെ മറവില്‍ നടത്തുന്ന അനധികൃത മത്സ്യബന്ധനം തീര്‍ത്തും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. കടലില്‍ അപകടം സംഭവിച്ചാല്‍ ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തിലുള്ള സാങ്കേതികത്വങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ സാമൂഹികം, വിദ്യാഭ്യാസം, സാംസ്കാരികം, കലാ-കായികപരമായ കഴിവുകളെ ഉണര്‍ത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി ചേര്‍ത്ത് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാവേലിക്കര എം.എല്‍.എ അരുണ്‍ കുമാര്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ എന്‍.എസ്.ശ്രീലു, മത്സ്യഫെഡ് ചെയര്മാന് ടി.മനോഹരന്, മത്സ്യ ബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷെമീറ ഫൈസല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.അഷറഫ് അലി, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദിഖ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സീനത്ത് നസീര്‍, സുകുമാരന്‍ കുതിരപ്പാടി, കാസര്‍കോട് നഗരസഭ സമിതി അധ്യക്ഷ സിയാന ഫനീഫ, മല്ലിക പ്രഭാകരന്, മുഹമ്മദ് റാഫി, രാഷ്ട്രീയ കക്ഷി നേതാക്കളായ മുഹമ്മദ് ഹനീഫ, എ.മാര്ട്ടിന്, ആര്.ഗംഗാധരന്, പ്രമീള മജന്‍, മാഹിന്‍ കേളോത്ത്, അസീസ് കടപ്പുറം, സിദ്ധിഖ് ചേരങ്കൈ, സിയാന ഹനീഫ, മത്സ്യത്തൊഴിലാളി ഫെഡറേഷന് സിഐടിയു ജില്ലാ സെക്രട്ടറി വി.വി. രമേശന്, ബാലചന്ദ്രന്, സി.ജി.ടോണി, വി.വി.ബാലകൃഷ്ണ, മുത്തലിബ് പാറക്കട്ട, ആര്.രവി, ജി.നാരായണന്, എം.ആര് ശരത്, അഡ്വ.യു.എസ്.ബാലന്, കെ. മനോഹരന്, കെ.നാരായണന്, കെ.രാജന് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് സ്വാഗതവും ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ പി.എ സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ മുതിര്‍ന്ന മത്സ്യ തൊഴിലാളികളെ ആദരിച്ചു. സ്ത്രീ ശാക്തീകരണം കൈവരിച്ച സാഫ് ഗ്രൂപ്പ് അംഗങ്ങള്‍, കലാ കായിക രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍, തീരദേശ മേഖലയില്‍ നിന്നും പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ എന്നിവരെയും മന്ത്രി ആദരിച്ചു. തുടര്‍ന്ന് മരണാനന്തര ധനസഹായമായി 13 കുടുംബങ്ങള്‍ക്ക് 15000 രൂപയും വിവാഹ ധനസഹായമായി 26 പെണ്‍കുട്ടികള്‍ക്ക് 10000 രൂപയും വിതരണം ചെയ്തു.
ഓണ്‍ലൈന്‍ വഴി 188 അപേക്ഷകളാണ് കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും ലഭിച്ചത്. അതില്‍ ഫിഷറീസ് വകുപ്പുമായി സംബന്ധിച്ച് 34, ക്ഷേമനിധിയുമായി ബന്ധപ്പെട്ട 18, സഹകരണ വകുപ്പുമായ ബന്ധപ്പെട്ട് 3, മത്സ്യഫെഡ് 1, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 103, റവന്യു വകുപ്പ്മായി 3 അപേക്ഷകള്‍ എന്നിവ ലഭിച്ചു. നിരവധി അപേക്ഷകള്‍ പരിപാടിയില്‍ മന്ത്രി നേരിട്ട് സ്വീകരിച്ചു.
പ്രധാന തീരുമാനങ്ങള്‍
തീരദേശ റോഡുകള്‍ക്ക് ആവശ്യമായ പരിഗണന നല്കി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യും.
കസബ കടപ്പുറത്തെ ഫിഷ് ലാന്‍ഡിങ് സെന്റര്‍ നവീകരിക്കും.
കാസര്‍കോട് ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം സെപ്റ്റംബറില്‍ ആരംഭിക്കും.
ജില്ലയിലെ സഹകരണ സംഘങ്ങളെ ശാക്തീകരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കും.
ജില്ലയില്‍ മാപ്പില്‍ ഉള്‍പ്പെടാത്ത തീരദേശ സ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഒരു സെപ്ഷ്യല്‍ ഡ്രൈവ് നടപ്പാക്കും.
കാസര്‍കോട് മീന്‍ മാര്‍ക്കറ്റ് നവീകരിക്കും. അതിനായി ഹാര്‍ബര്‍ എഞ്ചിനീയറും മുന്‍സിപ്പല്‍ എഞ്ചിനീയറും സംയുക്തമായി പരിശോധന നടത്തി ഡി.പി.ആര് തയ്യാറാക്കണം. മത്സ്യതൊഴിലാളികള്‍ക്ക് പ്രയോജനപ്പെടും വിധത്തില്‍ കാസര്‍കോട് മീന്‍ മാര്‍ക്കറ്റിനെ മാറ്റും. നവീകരണ പ്രവര്‍ത്തനങ്ങളുടെ ചിലവ് നഗരസഭ വഹിക്കണം.
തളങ്കര ലാന്‍ഡിങ് സെന്റര്‍ വിഷയത്തില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും.
കീഴൂര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് പരിശോധന നടത്തും.
ജില്ലയിലെ ക്ഷേമനിധി ഓഫീസിലെ ജീവനക്കാരുടെ അഭാവത്തില്‍ മൂന്നു പേരെ കൂടി നിയമിക്കും.
കാസര്‍കോട് മണ്ഡലത്തില്‍ റസ്ക്യൂ ഫോഴ്സ് അഞ്ച് എണ്ണമാക്കി ഉയര്‍ത്തും. സ്പീഡ് ബോട്ടും അനുവദിക്കും.
ബീരന്ത ബയലില്‍ നിര്‍മ്മിച്ച 105 സുനാമി വീടുകളുടെ ശോചനീയാവസ്ഥ പ്രശ്നങ്ങള്‍ക്ക് കളക്ടര്‍ സന്ദര്‍ശിച്ച് പരിഹാരം കാണും.
ഉപ്പുവെള്ളം കയറുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കും.
കടപ്പുറത്ത് ആവശ്യമായ ടോയ്ലറ്റ് സംവിധാനം ഉറപ്പാക്കണം