‘വലിയ ശബ്ദംകേട്ടാണ് നോക്കിയത്, മൂന്നുപേർക്കും അനക്കമുണ്ടായിരുന്നില്ല’; അപകടമുണ്ടാക്കിയത് അമിതവേഗം
കോട്ടയം: ‘വലിയ ശബ്ദംകേട്ടാണ് കടയിൽനിന്ന് പുറത്തേക്ക് നോക്കിയത്. മൂന്ന് യുവാക്കൾ കടയ്ക്കുമുൻപിലും റോഡിലുമായി കിടക്കുന്നു. ടോറസ് തൊട്ടടുത്ത് മരത്തിൽ തട്ടിനിൽക്കുന്നു.’ മില്ലേനിയം ജങ്ഷനിൽ കട നടത്തുന്ന സജി ആ നിമിഷം ഓർക്കുന്നത് ഞെട്ടലോടെ.
മൂന്ന് യുവാക്കൾക്കും കാര്യമായ അനക്കമുണ്ടായിരുന്നില്ല.പൊടുന്നനെ എല്ലാവരും ഓടിക്കൂടി. രണ്ട് ഓട്ടോയും ഒരു കാറും നിർത്തി അതിലേക്ക് എല്ലാവരെയും കയറ്റി. രക്ഷപ്പെടണേ എന്നാണ് എല്ലാവരും പ്രാർഥിച്ചത്.പക്ഷേ, ആശുപത്രിയിൽനിന്ന് വിളിച്ചവർ ദുഃഖകരമായ ആ വിവരം അറിയിച്ചു. മൂവരും മരിച്ചുവെന്ന്. ഈ ഭാഗത്ത് എന്നാണ് റോഡ് സുരക്ഷ വരികയെന്ന് അദ്ദേഹം ചോദിക്കുന്നു.
സൂപ്പർമാർക്കറ്റിന് സമീപം ആഡംബര ബൈക്ക് കാറിൽ ഇടിച്ച് ഒരു യുവാവിന് ഗുരുതര പരിക്കേറ്റത് മാസങ്ങൾക്കുമുമ്പാണ്. റോഡ് നിലവാരമുള്ളതായതോടെ ഇരുചക്രവാഹനങ്ങൾക്ക് അമിതവേഗമാണ്.
വ്യാഴാഴ്ച 6.15-നാണ് അപകടം. സംക്രാന്തി പ്ലാക്കിൽ ബാബുവിന്റെയും ഷേർളിയുടെയും മകൻ ആൽവിൻ ബാബു(23), സംക്രാന്തി തോണ്ടുത്തറയിൽ സക്കീറിന്റെയും ജാസ്മിന്റെയും മകൻ ഫാറൂഖ്(20), തിരുവഞ്ചൂർ തൂത്തൂട്ടി പുതുപ്പറമ്പിൽ മാണിയുടെയും മഞ്ജുവിന്റെയും മകൻ പ്രവീൺ (20) എന്നിവരാണ് മരിച്ചത്.
കുടമാളൂർ ഭാഗത്തുനിന്ന് കുമാരനല്ലൂരിലേക്ക് വരുകയായിരുന്നു യുവാക്കൾ. ടോറസ് കുടമാളൂർ ഭാഗത്തേക്കും. മില്ലേനിയം ജങ്ഷനിലെത്തുന്നതിന് മുമ്പുള്ള ചെറിയവളവിൽ ബൈക്കിന് നിയന്ത്രണം നഷ്ടമായിരുന്നു. ടോറസ്, റോഡിന്റെ വശത്തേക്ക് വെട്ടിച്ചുമാറ്റി വ്യാപാരസ്ഥാപനങ്ങൾക്ക് മുൻപിലുള്ള മരത്തിലേക്ക് തട്ടി നിർത്തിയെങ്കിലും ബൈക്ക് അതിന്റെ മൂലയിൽ ഇടിച്ചു. മൂന്നുപേരും തെറിച്ചുവീണു. ഇവരെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.