പൊന്നമ്പലമേട്ടില്‍ കര്‍ശന നിയന്ത്രണം; ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഇനി പ്രവേശനമില്ല
കൊച്ചി: പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ച് ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പലമേട്ടിലേക്ക് പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ടു. പ്രദേശത്ത് അനധികൃതമായി പ്രവേശിച്ച് പൂജ നടത്തിയതില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലീസിനോട് ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ സംഭവത്തില്‍ ദേവസ്വം സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടറിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ച് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പത്തനംതിട്ട ജില്ലാ മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് നിര്‍ദേശം. വിഷയത്തില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും കഴിഞ്ഞ ദിവസം ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. അഞ്ചംഗ സംഘമാണ് ഒരാഴ്ച മുന്‍പ് ഒരു സംഘം എത്തി പൂജ നടത്തിയത്. നാരായണന് സ്വാമി എന്ന പേരിലുള്ള ഒരാളുടെ നേതൃത്വത്തില്‍ നാലു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. നാരായണന് സ്വാമി നേരത്തെ ശബരിമല സന്നിധാനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തതായി സൂചനയുണ്ട്. പൂജയുടെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ സംഘത്തിനെതിരെ പച്ചക്കാനം ഡിവിഷന് വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. ഡി.ജി.പിക്കും ദേവസ്വം ബോര്‍ഡ് പരാതി നല്‍കിയിട്ടുണ്ട്. അതീവ സുരക്ഷാമേഖലയാണ് പൊന്നമ്പലമേട്. ഇവിടെനിന്നാല്‍ ശബരിമല സന്നിധാനം അടക്കം കാണാനാകും. മകരവിളക്ക് തെളിയിക്കുന്ന സ്ഥലമാണിത്. അതിനാല്‍, വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശമുള്ളത്. പൊലീസും വനം വകുപ്പും അറിയാതെ ഈ പ്രദേശത്തേക്ക് പ്രവേശിക്കാന്‍ കഴിയില്ല.