കണക്ക് തീര്‍ക്കാന്‍ മുംബൈ, ജയിച്ചു കയറാന്‍ ലക്നൗ; ഐപിഎല്ലില്‍ ഇന്ന് എലിമിനേറ്റര്‍ പോരാട്ടം
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. അവിശ്വസനീയമായ കുതിപ്പിലൂടെയാണ് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്തിയത്. കെ.എൽ രാഹുൽ പരിക്കിനെ തുടർന്ന് പിന്മാറിയെങ്കിലും വാശിയേറിയ പോരാട്ടങ്ങളിലൂടെയാണ് ലക്നൗ ആദ്യ നാലിൽ ഇടം നേടിയത്. ചെപ്പോക്കിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ടീമുകളെ മറികടന്നാണ് മുംബൈ നാലാം സ്ഥാനത്ത് എത്തി പ്ലേ ഓഫിന് യോഗ്യത നേടിയത്. അതിനാൽ തന്നെ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബാറ്റിംഗ് ലൈനപ്പാണ് മുംബൈയുടെ കരുത്ത്. ഇഷൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ തുടങ്ങിയവർ ഏത് ബൗളിംഗ് നിരയ്ക്കും വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ള താരങ്ങളാണ്. സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെ നടന്ന അവസാന മത്സരത്തിന് സമാനമായി പരിക്കിൽ നിന്ന് മോചിതനായ യുവതാരം തിലക് വർമ്മ ഇന്നത്തെ മത്സരത്തിലും ഇംപാക്ട് പ്ലെയറായാകും കളത്തിലിറങ്ങുക. രോഹിത് ശർമ്മ ഫോമിലേയ്ക്ക് തിരിച്ചെത്തുന്നതിൻറെ ലക്ഷണങ്ങൾ കാണിക്കുന്നത് മുംബൈ ക്യാമ്പിന് ആശ്വാസമായിരിക്കുകയാണ്. സ്റ്റാർ പേസർമാരായ ജസ്പ്രീത് ബുംറയും ജോഫ്ര ആർച്ചറും ഇല്ലാതിരുന്നിട്ടും ജേസൺ ബെഹ്റൻഡോർഫും പീയുഷ് ചൗളയും അച്ചടക്കമുള്ള ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്.