നാടുനീളെ നടന്ന് ‘പിരിവ്’, കൈക്കൂലിയായി തേനും പുളിയും; കോടീശ്വരനായ വില്ലേജ് അസിസ്റ്റന്റ്
പാലക്കാട്: കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലായ ‘കോടീശ്വരനായ’ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്കുമാര്‍ നാടുനീളെ നടന്ന് കൈക്കൂലി വാങ്ങിയതായി ആരോപണം. പ്രദേശത്തെ വീടുകളില്‍ കയറിയിറങ്ങി ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഏറ്റവും കുറഞ്ഞത് 500 രൂപയായിരുന്നു സുരേഷിന്റെ കൈക്കൂലി. പതിനായിരം രൂപ വരെ ഇയാള്‍ പലരില്‍നിന്നും വാങ്ങിയെടുത്തിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.
കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിന്റെ പരാതി പരിഹാര അദാലത്ത് നടക്കുന്നയിടത്ത് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കയം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാറിനെ വിജിലന്‍സ് പിടികൂടിയത്. മഞ്ചേരി സ്വദേശിയായ വിപിന്‍ ബാബുവില്‍നിന്ന് 2500 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ച വിപിന്‍ ബാബുവില്‍നിന്ന് നേരത്തെ രണ്ടുതവണ ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നു. തുടര്‍ന്നാണ് വീണ്ടും 2500 രൂപ കൂടി ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച പരാതി പരിഹാര അദാലത്ത് നടക്കുന്നയിടത്ത് പണം എത്തിക്കാനും നിര്‍ദേശം നല്കി. ഇതോടെ വിപിന്‍ ബാബു വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശപ്രകാരം സുരേഷ് കുമാറിന്റെ കാറില്‍വെച്ച് പണം കൈമാറുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
മണ്ണാര്‍ക്കാട്ട് സുരേഷ് താമസിക്കുന്ന വാടകമുറിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 17 കിലോ നാണയങ്ങള്‍ ഉള്‍പ്പെടെ 35 ലക്ഷം രൂപയാണ് പണമായി കണ്ടെടുത്തത്. ഇതിനുപുറമേ 71 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സമ്പാദ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആകെ ഒരു കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം ഇയാള്‍ക്കുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ വിവരം. ഇയാളുടെ സ്വദേശമായ തിരുവനന്തപുരം ഊരൂട്ടമ്പലത്തെ വീട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നെങ്കിലും ഇവിടെനിന്ന് പണമോ രേഖകളോ ലഭിച്ചിട്ടില്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.