ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാള് ദല്‍ഹി മുഖ്യമന്ത്രിയായി ഫെബ്രുവരി പതിനാറിന് സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കായി കെജ്രിവാള് ലെഫ്റ്റ്നന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി.കെജ്രിവാള് ബുധനാഴ്ച്ച എം.എല്‍.എ മാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. മന്ത്രി സഭാ രൂപീകരണ ചര്‍ച്ചയാണ് യോഗത്തിന്റെ പ്രധാന അജണ്ട. പുതുമുഖങ്ങള്‍ക്ക് കൂടി അവസരം നല്കുന്ന മന്ത്രി സഭയായിരിക്കും കെജ്രിവാളിന്റേത് എന്നാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ദല്‍ഹി വികസനത്തിന് ഊന്നല്‍ നല്കുന്ന മന്ത്രിസഭയില്‍ കഴിഞ്ഞ മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കളെയും ഉള്‍പ്പെടുത്തും.
യുവനേതൃനിരയില്‍ നിന്ന് വിദ്യാഭ്യാസ പ്രവര്‍ത്തക കൂടിയായ അതിഷി മെര്ലെനയ്ക്കും രാഘവ് ചദ്ദയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട്.രാഷ്ട്രീയ പ്രവര്‍ത്തക എന്നതിലുപരി വിദ്യാഭ്യാസ പ്രവര്‍ത്തക എന്ന പേരില്‍ കൂടി പ്രശസ്തയാണ് ആം ആദ്മി പാര്‍ട്ടിയുടെ കല്‍ക്കാജി മണ്ഡലത്തില്‍ നിന്നും മത്സരിച്ചു വിജയിച്ച സ്ഥാനാര്‍ത്ഥി അതിഷി മര്‍ലെന. 2001ല്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഒന്നാം റാങ്കോടുകൂടിയാണ് അതിഷി മര്‍ലെന ചരിത്രത്തില്‍ ബിരുദം നേടിയത്. ബിരുദാനന്തര ബിരുദം ഓക്സഫോഡ് സര്‍വ്വകലാശാലയില്‍ നിന്നും പൂര്‍ത്തിയാക്കി.
31കാരനായ രാഘവ് ചന്ദ രാജീന്ദര്‍ നഗറില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് സി.എക്കാരനായ രാഘവ് ചന്ദ. ആദ്യമായാണ് രാഘവ് ചന്ദ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.ചുരുങ്ങിയ കാലം കൊണ്ട് ഇരുവരും പാര്‍ട്ടിയില്‍ ഉണ്ടാക്കിയെടുത്ത സ്വീകാര്യതയാണ് മന്ത്രിസഭയില്‍ ഇവര്‍ ഉള്‍പ്പെടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിശകലനം ചെയ്യാന്‍ കാരണം.
മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടിട്ടില്ല. മത്സരിച്ച 70 മണ്ഡലങ്ങളില്‍ 63ലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തിലേറുന്നത്. ഏഴ് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിയ്ക്ക് നേടാനായത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയുമായി ഷീല ദീക്ഷിതിന്റെ ഭരണ നേട്ടങ്ങളെ മുന്‍നിര്‍ത്തി പ്രചരണം നടത്തിയ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.