കാറിൽ യാത്ര ചെയ്യുന്നതിനിടെ തല പുറത്തേക്കിട്ടു;കഴുത്ത് വിൻഡോ ഗ്ളാസിനിടയിൽ കുടുങ്ങി ഒൻപത് വയസുകാരി മരിച്ചു
ഹൈദരാബാദ്: കഴുത്ത് വിൻഡോ ഗ്ളാസിനിടയിൽ കുടുങ്ങി ഒൻപത് വയസുകാരിയ്ക്ക് ദാരുണാന്ത്യം. തെലങ്കാന നാൽഗൊണ്ടയിൽ ബോജഗുഡെം ഗ്രാമത്തിലാണ് സംഭവം. വിവാഹം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോവുകയായിരുന്ന നവദമ്പതികളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ബനോത് ഇന്ദ്രജയാണ് മരിച്ചത്.
വിവാഹച്ചടങ്ങുകൾക്കുശേഷം ദമ്പതികളും ഇന്ദ്രജയും കാറിലിരിക്കുകയായിരുന്നു. കാറിന്റെ പിൻസീറ്റിലിരിക്കുകയായിരുന്ന പെൺകുട്ടി തല പുറത്തേയ്ക്കിട്ട് ചടങ്ങുകൾ ആസ്വദിക്കുന്നതിനിടെ ഇതറിയാതെ ഡ്രൈവർ ശേഖർ കാറിന്റെ ഗ്ളാസ് ഉയർത്തി. തുടർന്ന് തല ഗ്ളാസിനിടയിൽ കുടുങ്ങി കുട്ടി മരിക്കുകയായിരുന്നു. ഉച്ചത്തിൽ പാട്ട് വച്ചിരുന്നതിനാലും പടക്കം പൊട്ടിച്ചതിനാലും ഇന്ദ്രജയുടെ കരച്ചിൽ ആരും കേട്ടില്ല.
സംഭവത്തിൽ ഇന്ദ്രജയുടെ പിതാവ് ബനോത് വെങ്കടേഷ്വർലുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.