കെ.എസ്.ആർ.ടി.സി ബസില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍
കോഴിക്കോട്: വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോടുനിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തുടർന്ന് ബസിന്റെ ഡ്രൈവർ കോഴിക്കോട് കാരന്തൂർ സ്വദേശി ഇബ്രാഹിം മച്ചിലിനെ യുവതിയുടെ പരാതിയിന്മേൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോഴിക്കോട് നിന്നാണ് പരാതിക്കാരി ബസിൽ കയറുന്നത്. ബസിൽ തിരക്കായതിനാൽ സീറ്റ് ഒഴിവുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ ഡ്രൈവറുടെ നിർദേശപ്രകാരം ബസിന്റെ ബോണറ്റിലിരുന്ന് യാത്ര ചെയ്ത യുവതിയുടെ ശരീരത്തിൽ ഇയാൾ സ്പർശിച്ചതായാണ് പരാതി. യുവതിയോട് ഇയാൾ അശ്ലീലച്ചുവയോടെ സംസാരിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ബസിൽ വച്ച് യുവതി വിഷയം ഉന്നയിച്ചതോടെ പോലീസ് സ്ഥലത്തെത്തി ഇവരുടെ പരാതി പരിശോധിക്കുകയായിരുന്നു. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.