മംഗൽപാടിയിലെ മാലിന്യസംസ്കരണം: കാസർകോട് മുൻ കളക്ടർക്ക് ഹൈക്കോടതിയുടെ അഭിനന്ദനം
കൊച്ചി: മാലിന്യസംസ്കരണത്തിൽ ക്രിയാത്മക ഉത്തരവ് പുറപ്പെടുവിച്ച കാസർകോട് മുൻ കളക്ടർക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. ബ്രഹ്മപുരം മാലിന്യ വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഡിവിഷൻബെഞ്ച് പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമർശം.
മാലിന്യസംസ്കരണത്തിൽ വീഴ്ചവരുത്തിയ മംഗൽപാടി ഗ്രാമപ്പഞ്ചായത്തിന്റെ ഭരണം ഏറ്റെടുക്കുമെന്ന് കാസർകോട് മുൻ കളക്ടറായിരുന്ന സ്വാഗത് ആർ. ഭണ്ഡാരി പ്രഖ്യാപിച്ചിരുന്നു. മംഗൽപാടി പഞ്ചായത്ത് പരിധിയിൽ ദേശീയപാതയോരങ്ങളിലടക്കം മാലിന്യം നീക്കംചെയ്യാത്തതിനെത്തുടർന്നായിരുന്നു കളക്ടർ അന്ത്യശാസനം നൽകിയത്. ഇതിനെയാണ് കോടതി അഭിനന്ദിച്ചത്.