ദുരിതക്കയത്തിലും മിന്നും ജയം നേടിയ ഇരട്ടകള്‍ക്ക് സുമനസ്സുകളുടെ കൈത്താങ്ങ് വേണം
കാസര്‍കോട് : വീട്ടിലെ പ്രാരബ്ധങ്ങളെ മറികടന്നു പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് വിജയം നേടിയ നാട്ടിലെ താരങ്ങളായ തെക്കേക്കരയിലെ അഭിഷേകിന്റെയും അഭിജിത്തിന്റെയും തുടര്‍പഠനത്തിനും നിത്യവൃത്തിക്കും സുമനസ്സുകളുടെ കൈത്താങ്ങ് കൂടിവേണം. ഉദുമ ജിഎച്ച്എസ്എസിലെ പ്രഥമാധ്യാപകന് ടി. വി. മധുസൂദനന് പുരസ്കാരങ്ങളുമായി അവരുടെ വീട്ടിലെത്തി. സ്കൂളിലെ ഒരു അധ്യാപിക ധനസഹായവും നല്കി. പഞ്ചായത്ത് വക പണിതു നല്കിയ വീട്ടിലാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമ്മയോടൊപ്പം മിടുക്കരായ ഇരട്ടകള്‍ പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി സ്കൂളിനും നാടിനും അഭിമാനമായത്.രോഗം ബാധിച്ച് ചികിത്സയിലായതിനാല്‍ ദിനേശ് ബീഡി കമ്പനിയിലെ ജോലിയില്‍ തുടരാനും പ്രയാസപ്പെടുകയാണ് അമ്മ ശീലാവതി. അച്ഛന് വീടുമായുമുള്ള ബന്ധം ഉപേക്ഷിച്ച് വര്‍ഷങ്ങളായി. നാട്ടിലെ ക്ലബ് പ്രവര്‍ത്തകരുടെ കാരുണ്യത്തില്‍ പലപ്പോഴായി സഹായങ്ങള്‍ കിട്ടിയിരുന്നു വെന്ന് അമ്മ പറഞ്ഞു. ഉദാരമതിയുടെ സഹായം ലഭിച്ചില്ലെങ്കില്‍ മക്കളുടെ തുടര്‍ പഠനം പോലും സാധ്യമാകാത്ത അവസ്ഥയിലാണ് ഈ വീട്ടമ്മയെന്ന് പ്രഥമാധ്യപകന് പറയുന്നു. അത്രയും ദയനീയമാണ് ആ വീട്ടിലെ സ്ഥിതി. സ്കൂളില്‍ നിന്ന് മുന്‍പ് സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നും സുമനസുകള്‍ ഈ കുട്ടികളുടെ തുടര്‍പഠനത്തിന് സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.