സംസ്ഥാനത്തെ സ്കൂളുകള്‍ മികവിന്റെ കേന്ദ്രമായി: മുഖ്യമന്ത്രി പിണറായി വിജയന്; കൊടക്കാട് ഗവണ്മെന്റ് വെല്ഫേര് യു.പി സ്ക്കൂളില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
കാസര്‍കോട്: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമായെന്നും സ്ക്കൂള് കെട്ടിടങ്ങളുടെ ഉദ്ഘാടനം സംസ്ഥാനത്ത് പുതുമ അല്ലാതായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൊടക്കാട് ഗവണ്മെന്റ് വെല്ഫേര് യു.പി സ്ക്കൂളില്‍ പുതിയ കെട്ടിടത്തിന് ഓണ്‍ലൈനിലൂടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തകര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് ആശങ്കപ്പെട്ടിരുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം ഇപ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ സാഹചര്യത്തില്‍ എത്തിക്കഴിഞ്ഞു. സ്കൂളുകള്‍ നവീകരിക്കപ്പെടുകയാണ്. പുതിയ സ്കൂളുകള്‍ വരികയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചു. 2016 ന് മുമ്പുള്ള പൊതു വിദ്യാലയങ്ങളുടെ സാഹചര്യം ആരും മറക്കില്ല. അതിന് മാറ്റം വന്നു കഴിഞ്ഞു. ആ മാറ്റം പൊതുജനങ്ങള്‍ സ്വീകരിച്ചു എന്നതിന് തെളിവാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ പത്ത് ലക്ഷത്തോളം കുട്ടികള്‍ പുതുതായി പൊതു വിദ്യാലയങ്ങളില്‍ വന്നുചേര്‍ന്നു എന്നത്. കെട്ടിടം മാത്രമല്ല വിദ്യാഭ്യാസ നിലവാരവും കൂടി. വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ എല്ലായിടത്തും പശ്ചാത്തല മേഖല വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ കിഫ്ബി മുഖേന കഴിഞ്ഞു. നാടിന്റെ എല്ലാ വികസന കാര്യങ്ങളിലും കിഫ് ബിയുടെ കയ്യൊപ്പുണ്ട്. 2016 മുതല്‍ ഇങ്ങോട്ട് പൊതുവിദ്യാലയങ്ങളില്‍ 3800 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അധ്യയന വര്‍ഷ ആരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ലഹരിമാഫിയയുടെ പിടിയിലാവാതിരിക്കാന്‍ ഗൗരവതരമായ ഇടപെടല്‍ നടത്തണമന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലര്‍ത്തണം. കുട്ടികളുടെ മാറ്റങ്ങള്‍ അറിയാന്‍ ശേഷിയുള്ളവരാവണം അധ്യാപകര്‍. അധ്യാപകര്‍ കരുതലോടെ പെരുമാറണം. ഇത്തരം വിഷയങ്ങള്‍ രഹസ്യമാക്കി വെക്കുന്നതിന് പകരം ശാസ്ത്രീയമായി പരിഹരിക്കാന്‍ തയ്യാറാവണം. നാടിന്റെ ഭാവിയുടെ പ്രശ്നമായി കണ്ട് ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന് കുട്ടി അധ്യക്ഷത വഹിച്ചു. ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
കൊടക്കാട് സ്കൂളില്‍ നടന്ന ചടങ്ങില്‍ എം.രാജഗോപാലന്‍ എം.എല്‍.എ ഫലകം അനാച്ഛാദനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ അധ്യക്ഷത വഹിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്ന കുമാരി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കൃഷ്ണന്, ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സോജിന് ജോര്‍ജ്, പി.ടി.എ പ്രസിഡന്റ് കെ.വി.പ്രസാദ് എന്നിവര്‍ സംസാരിച്ചു. സ്ക്കൂള് പ്രധാനാധ്യാപകന് പി.ശ്രീകാന്ത് നന്ദി പറഞ്ഞു.