വീട്ടിൽ കഞ്ചാവ് ചെടി വളർത്തി, ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ; പരിശോധനയിൽ കണ്ടെത്തിയത് പത്തെണ്ണം
ആലപ്പുഴ: താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി അമിത് റോയിയാണ് അറസ്റ്റിലായത്. ഇയാൾ താമസിച്ചിരുന്ന കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ നിന്ന് പത്ത് കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനിയിലാണ് ഇയാൾ പിടിയിലായത്.
കഴിഞ്ഞയാഴ്ചയും സമാന സംഭവത്തിൽ യുവാവ് അറസ്റ്റിലായിരുന്നു. വെള്ളറട പന്നിമല കുഞ്ചാറ്റിൻകര റോഡരികത്ത് വീട്ടിൽ പ്രവീണി (30)നെയാണ് അന്ന് എക്സൈസ് പിടികൂടിയത്. വീട്ടിന് സമീപത്തെ പറമ്പിൽ നട്ടുവളർത്തിയിരുന്ന 50, 45,32,30, 13 സെ.മീറ്റർ പൊക്കമുള്ള ചെടികളും എക്സൈസ് കണ്ടെത്തിയിരുന്നു.
ചെടികൾ വില്പനയ്ക്കും സ്വന്തം ആവശ്യത്തിനുമായി ഉപയോഗിക്കുന്നതാണെന്നായിരുന്നു പ്രവീൺ അധികൃതരോട് പറഞ്ഞത്. തിരുവനന്തപുരം എക്സൈസ് യൂണിറ്റിലെ പ്രിവന്റീവ് ഓഫീസറായ സി കെ ജസ്റ്റിൻ രാജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അമരവിള റേഞ്ച് ഇൻസ്പെക്ടർ വി എ വിനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.