ലക്ഷ്യമിടുന്നത് പാവപ്പെട്ട വീടുകളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ; 45 വയസിലധികം പ്രായമുള്ള പുരുഷന്മാർക്ക് വിറ്റ് ലക്ഷങ്ങൾ കൊയ്യും
അഹമ്മദാബാദ്: ഗുജറാത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽക്കുന്ന റാക്കറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അഹമ്മദാബാദിലെ കൻബയിൽ നിന്ന് കാണാതായ 13കാരിയെ ഒരാഴ്ചയ്ക്കുള്ളിൽ ഗാന്ധിനഗറിലെ ബോറുവിൽ കണ്ടെത്തിയതോടെയാണ് സംഘത്തെപ്പറ്റി പൊലീസിന് വിവരം ലഭിച്ചത്. പാവപ്പെട്ട വീടുകളിലെ പെൺകുട്ടികളെയാണ് സംഘം ലക്ഷ്യമിടുന്നത്
തട്ടിക്കൊണ്ടുപോയ 13കാരിയെ 30-45 വയസ് പ്രായമുള്ള 15 പുരുഷന്മാർക്ക് വിറ്റതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ടര ലക്ഷം രൂപയ്ക്കാണ് ഇവർ പെൺകുട്ടിയെ വിറ്റത്. ഇതിനോടകം തന്നെ എട്ടിലധികം പെൺകുട്ടികളെ സംഘം തട്ടിക്കൊണ്ടുപോയതായും പൊലീസ് പറഞ്ഞു. ഒളിവിൽ കഴിയുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനായ അശോക് പട്ടേൽ, ഭാര്യ രേണുക, സുഹൃത്ത് രൂപാൽ മക്വാന എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് ഇവർ പെൺകുട്ടികളെ വിൽക്കുന്നത്.
ഗുജറാത്തിൽ നിന്ന് അഞ്ച് വർഷത്തിനിടെ 41,621 സ്ത്രീകളെ കാണാതായതായെന്നാണ് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു. എന്നാൽ ഇവരിൽ 95 ശതമാനത്തെയും കണ്ടെത്തിയതായും മനുഷ്യക്കടത്ത് കേസുകൾ ഇല്ലെന്നുമാണ് ഗുജറാത്ത് പൊലീസിന്റെ അവകാശവാദം. ഇതിനിടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്.