മഴവെള്ളം കുത്തിയൊലിച്ചെത്തി; രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി: വന്‍ നാശനഷ്ടം
ബെംഗളൂരു ∙ ഞായറാഴ്ച പെയ്ത മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടിരൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയതായി പരാതി. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്ണീച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാത്തതാണു വന്നഷ്ടത്തിന് ഇടയാക്കിയത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം കവര്‍ന്നു. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും നഷ്ടമായി.
ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷികാനായി വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു. ഇതും നഷ്ടമായി. സഹായത്തിനായി കോര്പ്പറേഷന് അധികൃതരെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണു ഉടമയായ വനിതയുടെ പരാതി. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി.
https://twitter.com/i/status/1660687207450157057
അതേസമയം, സംസ്ഥാനത്ത് നാശം വിതച്ച് വേനൽമഴ തുടരുന്നതോടെ മരണം ഏഴായി ഉയർന്നു. ബെംഗളൂരുവിൽ മാത്രം മഴയെടുത്തത് 2 ജീവനുകളാണ്. അടിപ്പാതകളിൽ തങ്ങിനിൽക്കുന്ന വെള്ളം പമ്പ് ചെയ്തു നീക്കുന്നതിനു പുറമേ ചെളിയും മണ്ണും നിറഞ്ഞ് അടഞ്ഞുകിടക്കുന്ന ഓടകൾ യുദ്ധകാലാടിസ്ഥാനത്തിൽ തെളിച്ചു വരികയാണ്. ഇതിനിടെ മഴ തുടരുന്നത് ഈ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. കെആർ സർക്കിൾ അടിപ്പാതയിൽ കാർ മുങ്ങി ഇൻഫോസിസ് ജീവനക്കാരിയായ വിജയവാഡ സ്വദേശിനി ഭാനു രേഖ (22) മരിച്ചതു കൂടാതെ ഞായറാഴ്ച വൈകിട്ട് വെള്ളക്കെട്ടിൽ ഒലിച്ചുപോയ ലോകേഷ് (31) ന്റെ മൃതദേഹം ബെംഗളൂരു ബൈട്രരായനപുരയിലെ മഴവെള്ളച്ചാലിൽ നിന്നു കണ്ടെടുത്തു.
കെപി അഗ്രഹാരയിലെ വീടിനുള്ളിലേക്ക് വെള്ളം കയറുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ലോകേഷ് ഒഴുക്കിൽപെട്ടത്. ഹുൻസൂർ സ്വദേശികളായ ഹരീഷ് (42) , സ്വാമി (18), പെരിയപട്ടണയിൽ നിന്നുള്ള ലോകേഷ് (55), കൊപ്പാൾ സ്വദേശി ശ്രീകാന്ത് മേട്ടി (16) എന്നിവർ മിന്നലേറ്റു മരിച്ചു. 2 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചിക്കമഗളൂരുവിൽ മരമൊടിഞ്ഞു വീണ് സ്കൂട്ടർ യാത്രികൻ വേണുഗോപാലും (58) മരിച്ചു.