സംസ്ഥാന സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പറഞ്ഞ് ആടിയും പാടിയും കലാജാഥ
കാസര്‍കോട് : സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കലാഭവന്‍ ആര്‍ട്ടിസ്റ്റ് ക്ലബ്ബ് ജില്ലയിലെ വിവിധയിടങ്ങളില്‍ കലാജാഥ നടത്തി. കൈകള്‍ കോര്‍ത്ത് കരുത്തോടെ, ഉറപ്പുള്ള ഭരണം, ഉറപ്പുള്ള വികസനം, നാട്ടിലെങ്ങും സമാധാനം എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പരിപാടികളാണ് അവതരിപ്പിച്ചത്. കലാജാഥ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ആര്.ഡി.ഒ അതുല്‍ എസ്.നാഥ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് സംസാരിച്ചു.
സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സ്കിറ്റിലൂടെയും പാട്ടിലൂടെയും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി പബ്ലിക് റിലേഷന്‍സ് വകുപ്പിനൊപ്പം കൊച്ചിന് കലാഭവന്റെ അഞ്ച് കലാകാരന്മാര് കൂടി ചേര്‍ന്നാണ് കലാജാഥ ഒരുക്കിയത്. കലാഭവന്‍ രാജേഷിന്റെ സംവിധാനത്തില്‍ കലാകാരന്മാരായ രാജീവ് കുമാര്‍, അജിത്ത് കോഴിക്കോട്, നവീന്‍, ഇസഹാഖ് എന്നിവരാണ് പരിപാടികള്‍ അവതരിപ്പിച്ചത്.
രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് എന്ന ആശയത്തില്‍ ഒരുക്കിയ പരിപാടികള്‍ ജില്ലയിലെ പത്ത് പ്രധാന കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു.
ഉപ്പള, കുമ്പള ബസ്സ് സ്റ്റാന്റ്, കാസര്‍കോട് പുതിയ ബസ്സ് സ്റ്റാന്റ്, ചെര്‍ക്കള, ചട്ടഞ്ചാല്‍, പാലക്കുന്ന്, വെള്ളിക്കോത്ത്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ കലാജാഥയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.