കാസർകോട് :തളങ്കര തീരദേശ പൊലീസ് സ്റ്റേഷന് സമീപം പുഴയും കരയും മണ്ണിട്ട് നികത്തി കൈയേറാൻ ശ്രമിച്ച പ്രദേശം സംരക്ഷിക്കാൻജില്ലാ കലക്ടറുടെ ഇടപെടലിന് വൻ ജനപിന്തുണ.മുളയും കണ്ടൽ ചെടികളും വച്ചുപിടിപ്പിച്ചാണ് പുറമ്പോക്ക് ഭൂമി സംരക്ഷിക്കാൻസന്നദ്ധ പ്രവർത്തകരുമായും നഗരസഭയുമായും കൈകോർത്ത് കലക്ടർ ഡോ. ഡി സജിത്ബാബു മുന്നിട്ടിറങ്ങിയത്.
കടലോര സംരക്ഷണത്തിനും കടൽതീരം ശുചീകരണത്തിനും വിവിധ പരിപാടികളും നിയമങ്ങളും നടപ്പാക്കുമ്പോൾ നിയന്ത്രണങ്ങളില്ലാതെ മണ്ണും കെട്ടിട അവശിഷ്ടങ്ങളും തള്ളി തണ്ണീർതടം നികത്തുന്നത് മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്.. തുടർന്ന് റവന്യു അധികാരികൾ ഉണർന്നുപ്രവർത്തിച്ചതോടെ ഇതിന് അറുതിയായി. കടലും പുഴയും സംഗമിക്കുന്ന ടൂറിസം സാധ്യതയുള്ള പുറമ്പോക്ക് ഭൂമി സംരക്ഷിക്കാനാവശ്യമായ ഇടപെടലുകൾ വൈകിയതിനെ തുടന്നാണ് കലക്ടർ നേരിട്ട് ഇടപെട്ട് ഏറെ ടൂറിസം വികസനത്തിന് സാധ്യതയുള്ള പ്രദേശമാക്കി ഇവിടം മാറ്റിയെടുക്കാനുള്ള നീക്കം ആരംഭിച്ചത്.
തളങ്കര തീരദേശ പൊലീസ് സ്റ്റേഷന്റെയും തളങ്കര പടിഞ്ഞാർ ഗവ. എൽപി സ്കൂളിന്റെയും പിറകിൽ തുറമുഖ വകുപ്പിന് കീഴിലുള്ള ഭൂമിയാണിത്. കെട്ടിട മാലിന്യവും തെങ്ങിന്റെ അവശിഷ്ടങ്ങളും കുമിഞ്ഞു കിടന്ന ഭൂമി ജെ.സി.ബി. ഉപയോഗിച്ച് നിരപ്പാക്കിയാണ് മുളത്തൈകളും കണ്ടലും നട്ടത്. ഇതിനോടു ചേർന്നുള്ള ചതുപ്പുനിലം വിശാലമായ കുളമാക്കി മാറ്റി ജലസംരക്ഷണം ഉറപ്പാക്കുമെന്ന് കലക്ടർ പറഞ്ഞു. ചന്ദ്രഗിരിക്കോട്ടയിൽനിന്നും അറബിക്കടലിന്റെ മനോഹാരിത കാണാനെത്തുന്നവർക്ക് ആസ്വദിക്കാൻ പറ്റിയ ഇടമായി തളങ്കര കടവിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഏതുഭാഗത്തേക്കും കാഴ്ചഭംഗി ലഭിക്കുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. ഇതിനായി ടൂറിസം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ചതായും കലക്ടർ പറഞ്ഞു.
വനവൽക്കരണ പരിപാടി കലക്ടർ ഡോ. ഡി സജിത്ബാബു ഉദ്ഘാടനം ചെയ്തു. തളങ്കര പടിഞ്ഞാർ ഗവ. യുപി സ്കൂൾ പ്രധാനാധ്യാപിക പി പുഷ്പവതി അധ്യക്ഷയായി. പ്രൊഫ. വി ഗോപിനാഥ്, മുനിസിപ്പൽ സെക്രട്ടറി എസ് ബിജു, കൃഷ്ണദാസ് പലേരി, ഫൈസൽ പടിഞ്ഞാർ എന്നിവർ സംസാരിച്ചു.
നഗരസഭാ കൗൺസിലർ മുജീബ് തളങ്കര സ്വാഗതം പറഞ്ഞു. തൈ നടീലിന് തളങ്കര പടിഞ്ഞാർ ഗവ. യുപി സ്കൂൾ കുട്ടികളും വിദ്യാനഗർ ത്രിവേണി കോളേജ് വിദ്യാർഥികളും എൻഎസ്എസ് വളണ്ടിയർമാരും പങ്കാളികളായി.