മുംബയ് ഐ പി എൽ പ്ളേ ഓഫിൽ; പിന്നാലെ ഗില്ലിനെക്കുറിച്ച് കുസൃതി പ്രതികരണവുമായി സച്ചിൻ
മുംബയ്: ഐപിഎൽ പ്ളേ ഓഫിലേക്ക് മുംബയ് ഇന്ത്യൻസ് കടന്നതിന്റെ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൾക്കർ. ട്വീറ്റിൽ പക്ഷെ ഇന്നലെ മത്സരത്തിൽ ആർസിബിയ്ക്കെതിരെ സിക്സർ പറത്തി വിജയം നേടിയ ഗുജറാത്ത് ടൈറ്റൻസ് താരം ശുഭ്മാൻ ഗില്ലിനും അഭിനന്ദനമുണ്ട്. ഗിൽ ഗുജറാത്തിന് വേണ്ട വിജയറൺ നേടിയതോടെ ബാംഗ്ളൂർ പ്ളേ ഓഫ് കാണാതെ പുറത്താകുകയും മുംബയ് ഇന്ത്യൻസ് പ്ളേ ഓഫിൽ ഇടം പിടിക്കുകയും ചെയ്തതുകൊണ്ടാണ് ഈ രസകരമായ അഭിനന്ദനം.
മുംബയ് താരം കാമറൂൺ ഗ്രീനിനും ഗുജറാത്തിന്റെ ശുഭ്മാൻ ഗില്ലിനും നന്നായി ബാറ്റ് ചെയ്തു എന്ന് സച്ചിൻ അഭിനന്ദനം അറിയിച്ചു. തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയ വിരാട് കൊഹ്ലിയെയും സച്ചിൻ അഭിനന്ദിച്ചു. എല്ലാവർക്കും അവരുടെ സ്വതസിദ്ധമായ ശൈലിയുണ്ടെന്നും സച്ചിൻ പറയുന്നു. ഞായറാഴ്ച മത്സരത്തിൽ 47 പന്തിൽ നിന്നും സെഞ്ച്വറി നേടി ഗ്രീൻ മികച്ച പ്രകടനം നടത്തിയിരുന്നു. 52 പന്തിൽ സെഞ്ച്വറി നേടിയാണ് ഗിൽ ഗുജറാത്തിനായി വിജയം കുറിച്ചത്.
ബുധനാഴ്ച ചെന്നൈയിൽ വച്ചുള്ള എലിമിനേറ്ററിൽ മുംബയ് ഇന്ത്യൻസ്, ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. നാളെ ചെന്നൈ സൂപ്പർ കിംഗ്സുമായാണ് ഗുജറാത്തിന്റെ അടുത്ത മത്സരം.