കാസർകോട് നിന്ന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച അധ്യാപികയും ആണ്‍സുഹൃത്തും എയര്‍ പോര്‍ട്ടില്‍ കസ്റ്റഡിയില്‍
കാസർകോട്: ആണ്‍സുഹൃത്തിനൊപ്പം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച അധ്യാപിക കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റഡിയിലായി.
ചന്തേര സ്വദേശിനിയായ 24കാരിയായ അധ്യാപികയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പം ഇവരുടെ ആണ്‍സുഹൃത്തും കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയുമായ മുബഷീര്‍ എന്നയാളും കസ്റ്റഡിയിലായിട്ടുണ്ട്. ചന്തേര പൊലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്ന്നാണ് പൊലീസ് യുവതിയെയും ആണ്‍സുഹൃത്തിനെയും വിമാനത്താവളത്തില്‍നിന്ന് കണ്ടെത്തിയത്.
വിദ്യാര്‍ഥിയുടെ പിതാവ് മരിച്ചെന്ന് പറഞ്ഞ് അധ്യാപിക വീട് വിട്ട് ഇറങ്ങുകയായിരുന്നു. വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവിന് സംശയം തോന്നുകയായിരുന്നു. അധ്യാപികയുടെ മുറി പരിശോധിച്ചപ്പോള്‍ ഫോണ്‍ എടുക്കാതെയാണ് പോയതെന്ന് മനസിലായി. കൂടാതെ പാസ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് അവസാനമായി യുവതി വിളിച്ചിരിക്കുന്നത് മുബഷീറിനെയാണെന്ന് മനസിലായത്. തുടര്‍ന്ന് മുബഷീറിന്റെ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുകയായിരുന്നു. ഇരുവരും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉണ്ടെന്ന് വ്യക്തമായി. ഇതോടെ പൊലീസിന്റെ നിര്‍ദേശാനുസരണം ഇരുവരെയും വിമാനത്താവള അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു. സ്ഥലത്തെത്തിയ ചന്തേര പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. യുവതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മനുഷ്യക്കടത്ത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷണപരിധിയിലുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.