ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ ബാക്കി; കണ്ണൂരിൽ ചാക്കിൽകെട്ടിയ നിലയിൽ ബോംബുകൾ കണ്ടെത്തി
കണ്ണൂർ: കണ്ണവം തൊടീക്കളത്ത് ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിൽ നാടൻ ബോംബുകൾ കണ്ടെത്തി. തൊടീക്കളം കിഴവക്കൽ ഭാഗത്തെ കലുങ്കിനടിയിൽ നിന്നാണ് ഉഗ്ര സ്ഫോടകശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് ഇവിടെ കർശനമായ പരിശോധന നടത്തുകയാണ്.
ഇന്ന് ഉപരാഷ്ട്രപതി ജില്ലയിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി പൊലീസ് ശക്തമായ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ബോംബ് കണ്ടെത്തിയത്. ഇത് നിർവീര്യമാക്കാൻ പൊലീസ് നടപടി തുടങ്ങി. ആരാണ് ഇവിടെ ബോംബ് വച്ചതെന്ന് കണ്ടെത്താനായില്ലെങ്കിലും അന്വേഷണം തുടരുകയാണ്.
മുൻപ് തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപം പറമ്പിൽ സ്ഫോടനത്തെ തുടർന്ന് എരഞ്ഞോളി സ്വദേശി വിഷ്ണുവിന്റെ രണ്ട് കൈപ്പത്തികളും അറ്റുപോയ സംഭവമുണ്ടായിരുന്നു. വീടിനോട് ചേർന്നുള്ള പറമ്പിൽ വച്ചാണ് സ്ഫോടനം നടന്നത്. സംഭവ സമയത്ത് വിഷ്ണു മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്നാണ് വിവരം. ബോംബ് നിർമിക്കുന്നതിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് അന്വേഷണത്തിൽ വെളിവായ വിവരം.