റോഡ് ക്യാമറ റിപ്പോര്‍ട്ട് കൈമാറി; പിന്നാലെ മുഹമ്മദ് ഹനീഷിന് വീണ്ടും വ്യവസായ വകുപ്പിന്റെ ചുമതല
തിരുവനന്തപുരം∙ വ്യവസായ വകുപ്പിൽനിന്നും മാറ്റിയ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിന് വീണ്ടും വ്യവസായ വകുപ്പിന്റെ ചുമതല നൽകി. ദിവസങ്ങൾക്കകം മൂന്നു തവണ മുഹമ്മദ് ഹനീഷിന്റെ സ്ഥാനങ്ങൾ മാറ്റി. കഴിഞ്ഞ ദിവസം റോഡ് ക്യാമറ ഇടപാട് സംബന്ധിച്ച റിപ്പോർട്ട് ഹനീഷ് സർക്കാരിനു കൈമാറിയിരുന്നു. ഇടപാടിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദേശങ്ങൾ കെൽട്രോൺ പാലിച്ചതായാണ് ഹനീഷിന്റെ കണ്ടെത്തൽ.
റോഡ് ക്യാമറ വിവാദം അന്വേഷിക്കുന്നതിനിടയിലാണ് ഏഴാം തീയതി മുഹമ്മദ് ഹനീഷിനെ മാറ്റിയത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിട്ടായിരുന്നു നിയമനം. ഹൗസിങ് ബോർഡിന്റെ ചുമതലയും നൽകി. പിറ്റേദിവസം ഹനീഷിനെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ടിങ്കു ബിസ്വാളിനെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
ഇന്ന് ഇറക്കിയ ഉത്തരവിൽ മുഹമ്മദ് ഹനീഷിന് വ്യവസായ വകുപ്പിന്റെ അധിക ചുമതല നൽകി. ആയുഷ് വകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി കേശവേന്ദ്രകുമാറിനെ ഫിനാൻസ് (എക്സപെൻഡിച്ചർ) സ്പെഷൽ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യം ഐഎഎസ് അർബൻ അഫയേഴ്സ് ഡയറക്ടറുടെ അധിക ചുമതല നൽകി. വി.വിഘ്നേശ്വരിയാണ് പുതിയ കോട്ടയം കലക്ടർ.