പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണമെന്ന് കെജ്രിവാൾ; രൂക്ഷമായി തിരിച്ചടിച്ച് ഖുശ്ബു
ന്യൂഡൽഹി∙ ‘അധികാരവും പണവും പെട്ടെന്ന് വന്നു ചേർന്നാൽ ചിലർ ബുദ്ധിശൂന്യരാകുമെന്ന്’ ബിജെപി നേതാവും ദേശീയ വനിത കമ്മിഷൻ അംഗവുമായ ഖുശ്ബു സുന്ദർ. രാജ്യത്ത് നിന്ന് 2000 രൂപാ നോട്ടുകൾ പിൻവലിക്കുന്ന നടപടിക്കെതിരെ ‘പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണമെന്ന’ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രതികരണത്തിനായിരുന്നു ഖുശ്ബുവിന്റെ മറുപടി.
ട്വിറ്ററിലൂടെയായിരുന്നു ഇരുനേതാക്കളുടെയും വാദപ്രതിവാദങ്ങൾ. എതുതരത്തിലുള്ള അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഇത്തരം ഭാഷയിലല്ല പ്രധാനമന്ത്രിക്കെതിരെ പ്രതികരിക്കേണ്ടത്. അദ്ദേഹത്തിന്റെ സ്ഥാനത്തെ ബഹുമാനിച്ച് വേണം മറുപടികൾ നൽകാൻ. അതുകൊണ്ടാണ് ചിന്തിച്ച് വോട്ട് ചെയ്യണം എന്നു പറയുന്നത്. അല്ലാത്തപക്ഷം അധികാരവും പണവും പെട്ടെന്ന് വന്നാലുടൻ ചിലർ ബുദ്ധിശൂന്യരാകും. .-ഖുശ്ബു ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഡൽഹിയിൽ ഉദ്യോഗസ്ഥ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ബിജെപിയും ആം ആദ്മിയുമായി തർക്കം രൂക്ഷമാണ്. അതിനിടെയാണ് 2000 രൂപാ നോട്ടുകൾ പിൻവലിക്കുന്നതിനെതിരെ അരവിന്ദ് കേജ്രിവാൾ രംഗത്തെത്തിയത്. 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്ന തീരുമാനത്തിനെതിരെ നിരവധി നേതാക്കളാണ് പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നത്.