വാട്സ്ആപ് ഗ്രൂപിൽ സന്ദേശം ;പിന്നാലെ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
മംഗളൂരു : ജീവനൊടുക്കുകയാണെന്ന് വാട്സ്ആപ് ഗ്രൂപിൽ സന്ദേശം അയച്ച യുവാവിനെ നേത്രാവതി നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട് വാൾ കല്ലഡ്ക്ക നെട്ലയിലെ കുളൽ പ്രവീൺ (28) ആണ് മരിച്ചത്. നെട്ലയിലെ കൂട്ടുകാരുടെ വാട്സ്ആപ് ഗ്രൂപിൽ താൻ മരിക്കാൻ പോവുകയാണെന്ന് യുവാവ് പുലർചെ സന്ദേശം അയച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കൾ തിരിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
തുടർന്ന് പൊലീസിന് വിവരം നൽകി. പൊലീസ് മൊബൈൽ ഫോൺ ടവർ ലൊകേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണം നേത്രാവതി പുതിയ പാലം പരിസരത്ത് കേന്ദ്രീകരിച്ചു. എന്നാൽ പൊലീസ് എത്തും മുമ്പ് യുവാവ് മോടോർ സൈക്കിൾ നിറുത്തി പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിക്കഴിഞ്ഞിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാദരക്ഷകൾ അഴിച്ചു വെച്ചിരുന്നു.
മുങ്ങൽ വിദഗ്ധരായ എം കെ മുഹമ്മദ്, സമീർ ചമ്മി, അശ്റഫ് അക്കരങ്ങാടി എന്നിവരും അഗ്നിശമന സേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹമാണ് കണ്ടെത്താനായത്. ബണ്ട് വാൾ സിറ്റി സ്റ്റേഷൻ ഇൻസ്പെക്ടർ രാമകൃഷ്ണയുടെ നേതൃത്വത്തിൽ സ്ഥലത്ത് എത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.