കൈക്കുഞ്ഞ് ഉൾപ്പെടെ 34 യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് തിരിച്ച കെ സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടു; ഇടിച്ചുകയറിയത് ആളുകൾ ഉറങ്ങിക്കിടന്ന വീട്ടിലേയ്ക്ക്
തൊടുപുഴ: നെല്ലാപ്പാറ വളവിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി കെ സ്വിഫ്ട് ബസ് വീട്ടിലേക്ക് ഇടിച്ചു കയറിയെങ്കിലും വൻ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്നവരും വീട്ടിൽ കിടന്നുറങ്ങുകയായിരുന്നയാളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 4.20ന് തിരുവനന്തപുരത്തു നിന്ന് കട്ടപ്പനയിലേക്ക് സർവ്വീസ് നടത്തുന്ന ബസ് പാലായിൽ നിന്ന് തൊടുപുഴയ്ക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്.
നെല്ലാപ്പാറ വളവിൽ എത്തിയപ്പോഴേക്കും ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ബ്രേക്ക് ചവിട്ടിയിട്ടും വാഹനത്തിന്റെ വേഗത നിയന്ത്രിക്കാനായില്ലെന്നാണ് ഡ്രൈവർ പറഞ്ഞത്. ഇതോടെ റോരികിലെ കയറ്റമുള്ള സ്ഥലത്തെ പരസ്യ ബോർഡിന് സമീപത്തേക്ക് ഡ്രൈവർ ബസ് ഓടിച്ചു കയറ്റുകയായിരുന്നു. എന്നാൽ ഈ പരസ്യ ബോർഡിന് പിന്നിൽ വീടുണ്ടായിരുന്നത് ഡ്രൈവർ കണ്ടിരുന്നില്ല. 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കൈക്കുഞ്ഞ് ഉൾപ്പെടെയുള്ളവർ ബസിലുണ്ടായിരുന്നു. ഇവരെല്ലാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നെല്ലാപ്പാറ ചെമ്പനാപ്പറമ്പിൽ മണി ഗോപിയുടെ വീട്ടിലേക്കാണ് ബസ് ഇടിച്ചു കയറിയത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മംഗളൻ എന്നയാളും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വീടിന്റെ ഭിത്തിയും ഓടു മേഞ്ഞ മേൽക്കൂരയും തകർന്നിട്ടുണ്ട്. ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ചക്രങ്ങളും ആക്സിലുകളും ഒടിഞ്ഞു. അപകട വിവരമറിഞ്ഞ് കരിങ്കുന്നത്തു നിന്നും തൊടുപുഴയിൽ നിന്നും പൊലീസ് സ്ഥലത്തെത്തിയിരുന്നു. പിന്നീട് ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റി അയച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കട്ടപ്പന-തിരുവനന്തപുരം റൂട്ടിൽ കെ സ്വിഫ്ട് ബസ് സർവീസ് തുടങ്ങിയത്. തിരുവന്തപുരം ഡിപ്പോയിലെ ബസാണിത്.