സർക്കാർ ഓഫീസ് കെട്ടിടത്തിന്റെ ബേസ്മെന്റിൽ നിന്ന് കണ്ടെത്തിയത് കോടികളുടെ പണവും സ്വർണ ബിസ്ക്കറ്റുകളും, അന്വേഷണം തുടങ്ങി
ജയ്പൂർ: സർക്കാർ ഓഫീസ് കെട്ടിടത്തിന്റെ ബേസ്മെന്റിൽ നിന്നും രണ്ടര കോടി രൂപയും ഒരു കിലോയുടെ സ്വർണക്കട്ടികളും കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂരിൽ യോജന ഭവനിൽ നിന്നാണ് പൊലീസ് 2.31 കോടി രൂപയും ഒരു കിലോയുടെ സ്വർണ ബിസ്ക്കറ്റും പിടിച്ചെടുത്തത്. ഐ ടി വകുപ്പാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കെട്ടിടത്തിൽ നിന്ന് പണവും സ്വർണവും കണ്ടെത്തിയതായി ഐടി വകുപ്പിന്റെ അഡീഷണൽ ഡയറക്ടറാണ് പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ ചോദ്യം ചെയ്യുന്നതിനായി ഇതേ ഓഫീസിൽ പ്രവർത്തിക്കുന്ന എട്ടുപേരെ കസ്റ്റഡിയിലെടുത്തതായി കമ്മീഷണർ ആനന്ദ് ശ്രീവാസ്തവ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിവരമറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.