കട്ടപ്പന: പിഞ്ചു കുഞ്ഞടങ്ങുന്ന സംഘത്തോട് മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം നാടിനെ ഞെട്ടിച്ചു. മുപ്പത് ദിവസം മാത്രം പ്രായമായ കുഞ്ഞ് അടക്കമുള്ള അഞ്ചംഗ കുടുംബത്തെ കട്ടപ്പന സിഐ മര്‍ദ്ദിക്കുകയായിരുന്നു. കുഞ്ഞുമായി കോട്ടയത്ത് ആശുപത്രിയിലേക്ക് പോയ ശേഷം മടങ്ങി വരികയായിരുന്നു കുടുംബം.
സിവില്‍ ഡ്രസിലായിരുന്ന സിഐ അനില്‍ കുമാറിന്റെ വണ്ടി കാറില്‍ വരികയായിരുന്ന കുടുംബത്തിന് നേരെ അലക്ഷ്യമായി വരുന്നത് കണ്ടു ചോദ്യം ചെയ്തപ്പോഴാണ് ആദ്യം ഭീഷണിമുഴക്കിയത്. സിഐക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു.അലക്ഷ്യമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതോടെ വീണ്ടും വാഹനം അപകടകരമായി രീതിയില്‍ കൊണ്ട് വന്ന് കുടുംബം സഞ്ചരിച്ച വാഹനത്തില്‍ ഇടിപ്പിക്കാന്‍ നോക്കിതയതായി കുടുംബം പറയുന്നു. തുടര്‍ന്നാണ് ഇവര്‍ അഭയം തേടി കട്ടപ്പന സ്റ്റേഷനില്‍ എത്തിയത്. ഇതിന് പിന്നാലെയെത്തിയ സിഐ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് പുരുഷന്മാരെ വലിച്ചിഴച്ച് അകത്തേക്ക് കൊണ്ട് പോയി.
താന്‍ സ്ഥലത്തെ സിഐ ആണെന്നും തനിക്കെതിരെ പരാതി കൊടുക്കുമോയെന്നും ചോദിച്ച് പിന്നീട് മര്‍ദിക്കുകയായിരുന്നു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയും സ്റ്റേഷനില്‍ വച്ച് വലിച്ചിഴച്ചെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കൈകുഞ്ഞുമായി സ്റ്റേഷനില്‍ കുടുംബത്തിന് വലിയ അതിക്രമത്തിന് ഇരയാകേണ്ടി വന്നുവെന്നാണ് ആരോപണം. കുടുംബത്തെ കട്ടപ്പന എസ്ഐ ബിനോയ് അടക്കമുള്ള പൊലീസുകാര്‍ മര്‍ദിച്ചതായും കുടുംബം പരാതിപ്പെടുന്നു.
സിഐ മദ്യപിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു. സിഐയില്‍ നിന്ന് മദ്യത്തിന്റെ മണം ലഭിച്ചുവെന്നും കുടുംബം പറഞ്ഞു. എസ്ഐയെ ആക്രമിച്ചുവെന്ന പേരില്‍ കുടുംബത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് ഇപ്പോള്‍ പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.