പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും പണവും കൈക്കലാക്കി; പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
പൂവാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തു. കരുംകുളം പൊറ്റയിൽ വാറുവിളാകത്തു വീട്ടിൽ ആദി എന്ന ആദിത്യൻ (18), അതിയന്നൂർ വെൺപകൽ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിൽ സൂര്യ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ കേസ് പ്രകാരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ ഇനിയും രണ്ടുപേരെ പിടികൂടാനുണ്ട്.
പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തിയ ആദിത്യൻ, ഇവ സുഹൃത്തുക്കളുടെ മൊബൈലിലേക്ക് അയച്ചു. പ്രതികൾ നാലുപേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ സംഘം 5000 രൂപ കൈവശപ്പെടുത്തുകയും ചെയ്തു. ഗത്യന്തരമില്ലാതെ പെൺകുട്ടി വീട്ടിൽ സംഭവം പറഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്. സി.ഐ എസ്.ബി പ്രവീണിന്റെയും എസ്.ഐ തിങ്കൾ ഗോപകുമാറിന്റെയും നേതൃത്വത്തിൽ എ.എസ്.ഐമാരായ ഷാജികുമാർ, മധുസൂദനൻ, ശശി നാരായണൻ, രഞ്ജിത്ത് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.