നടുറോഡിൽ പരസ്യമായി സ്കൂട്ടറിലിരുന്ന് കുളിക്കുന്ന യൂട്യൂബറും യുവതിയും; വീഡിയോ വൈറലായതോടെ പണി കിട്ടി
മുംബയ്: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി സ്കൂട്ടറിൽ കറങ്ങി നടന്ന് പരസ്യമായി കുളിച്ച് യൂട്യൂബറും യുവതിയും. മുംബയ് താനെയിൽ ഉൽഹാസ്നഗർ ട്രാഫിക്ക് സിഗ്നലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ട്വിറ്ററിൽ ഉൾപ്പെടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ആദർശ് ശുക്ല എന്ന യൂട്യൂബർക്കെതിരെയാണ് നടപടി.
സ്കൂട്ടറിൽ ബക്കറ്റുമായി സഞ്ചരിക്കുന്ന ആദർശും യുവതിയും സിഗ്നൽ കാത്ത് കിടക്കുമ്പോൾ ബക്കറ്റിൽ നിന്ന് വെള്ളം കോരി ദേഹത്തൊഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിലിരുന്ന് കുളിക്കുന്നതും കാണാം. ഈ ദൃശ്യങ്ങൾ ഡിജിപിക്ക് ഉൾപ്പെടെ പങ്കുവച്ച് നിരവധിപേരാണ് പൊലീസിനോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. തുടർന്നാണ് ട്രാഫിക് പൊലീസിനോട് സംഭവം അന്വേഷിക്കാൻ ഡിജിപി നിർദേശിച്ചത്.
എന്നാൽ, ഹെൽമറ്റും ട്രാഫിക് നിയമവും പാലിക്കാത്തത് തെറ്റായിപ്പോയി എന്നായിരുന്നു യൂട്യൂബർ ആദർശ് ശുക്ലയുടെ മറുപടി. അതിന് പിഴയടക്കുമെന്നും തന്റെ ഫോളോവേഴ്സ് ട്രാഫിക് നിയമം ഉറപ്പായും പാലിക്കണമെന്നും ഇയാൾ ഇൻസ്റ്റഗ്രാമിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്