നടിയുടെ ഒച്ച കേട്ടാണ് പിൻ സീറ്റിൽ നിന്ന് മുന്നിലെത്തിയത്, സഹയാത്രക്കാരുടെ നിസംഗത അത്ഭുതപ്പെടുത്തി; ബസിൽ നടന്നതിനെക്കുറിച്ച് കണ്ടക്ടറുടെ വെളിപ്പെടുത്തൽ
നെടുമ്പാശേരി: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയോട് മോശമായി പെരുമാറിയ പ്രതിയെ പിന്തുടർന്ന് പിടികൂടിയെങ്കിലും സഹയാത്രക്കാരുടെ നിസംഗത കണ്ടക്ടർ കെ.കെ. പ്രദീപിനെ അത്ഭുതപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയാണ് പ്രദീപ് ഡ്യൂട്ടിചെയ്ത ബസിൽ യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗിക അധിക്ഷേപമുണ്ടായത്.
അത്താണിയിലെത്തിയപ്പോൾ യുവതി പ്രതികരിച്ചതോടെ സീറ്റിൽനിന്നെഴുന്നേറ്റ പ്രതി ബസ് നിറുത്തിയ ഉടൻ ചാടിയിറങ്ങി ഓടുകയായിരുന്നു. പിന്തുടർന്ന പ്രദീപ് പ്രതിയെ വട്ടംപിടിച്ചെങ്കിലും കുതറി ഓടി. പ്രദീപിന്റെ വാച്ച് പൊട്ടി റോഡിൽവീണു. പണമടങ്ങിയ ബാഗും വീണു. ഇതോടെ ഡ്രൈവർ പി.ബി. ജോഷി എൻജിൻ ഓഫ് ചെയ്ത് ഇറങ്ങി. ജോഷിയും ചേർന്നാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്.
യുവതിയുടെ ഒച്ച കേട്ടാണ് പിൻ സീറ്റിലായിരുന്ന താൻ മുന്നിലേക്കെത്തിയതെന്ന് പ്രദീപ് പറഞ്ഞു. പരാതിയുണ്ടെന്ന് യുവതി പറഞ്ഞതോടെ പൊലീസിനെ വിളിക്കാമെന്നറിയിച്ചു. ബഹളംകേട്ട് അത്താണി എയർപോർട്ട് റോഡിന് സമീപമെത്തും മുമ്പ് ഡ്രൈവർ ബസ് നിറുത്തി. പ്രദീപും ജോഷിയും ഇയാളെ പിടിക്കാൻ ശ്രമിക്കുമ്പോൾ ഒരു നിയമവിദ്യാർത്ഥിനി ഒഴികെ ബസിലെ യാത്രക്കാരെല്ലാം നിശബ്ദരായിരുന്നു. പൊതുസമൂഹം പ്രതികരിച്ചില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും പ്രദീപ് പറഞ്ഞു.
അങ്കമാലി ഡിപ്പോയിൽ കണ്ടക്ടറായ പ്രദീപ് നെടുമ്പാശേരി കുന്നുകര കോയിമാതപറമ്പിൽ കുടുംബാംഗമാണ്. ഡ്രൈവർ പി.ബി. ജോഷി അങ്കമാലി കിടങ്ങൂർ സ്വദേശിയാണ്.