ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി പ്രവര്ത്തകന് കൊല്ലപ്പെട്ട വെടിവെപ്പില്‍ അക്രമി ലക്ഷ്യമിട്ടത് എ.എ.പി എം.എല്‍.എ നരേഷ് യാദവിനെ അല്ലെന്ന് ഡല്‍ഹി പൊലീസ്. കൊല്ലപ്പെട്ട എ.എ.പി പ്രവര്‍ത്തകനെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും സൗത്-വെസ്റ്റ് അഡിഷനല്‍ ഡി.സി.പി ഇംഗിത് പ്രതാപ് സിങ് പറഞ്ഞു. വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അക്രമി ഒറ്റയ്ക്ക് കൃത്യം നടത്തിയെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ തെളിഞ്ഞത്. നരേഷ് യാദവ് എം.എല്‍.എ ആയിരുന്നില്ല അക്രമിയുടെ ലക്ഷ്യം. കൊല്ലപ്പെട്ട പ്രവര്‍ത്തകനെ ലക്ഷ്യമിട്ടാണ് അക്രമി വെടിവെച്ചത് -ഡി.സി.പി പറഞ്ഞു.ചൊവ്വാഴ്ച രാത്രിയാണ് നരേഷ് യാദവ് എം.എല്‍.എയുടെ നേര്‍ക്ക് വെടിവെപ്പുണ്ടായത്. രാത്രി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴിയായിരുന്നു അക്രമം. എം.എല്‍.എയുടെ കൂടെയുണ്ടായിരുന്ന അശോക് മന് എന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രവര്ത്തകന് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവസ്ഥലത്തു നിന്ന് ഏഴ് വെടിയുണ്ടകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവം നിര്‍ഭാഗ്യകരമാണെന്നും ഇതിന് പിന്നിലെ കാരണം അറിയില്ലെന്നും നരേഷ് യാദവ് എം.എല്‍.എ പ്രതികരിച്ചു. അക്രമി നാല് റൗണ്ട് വെടിവെച്ചെന്നും എം.എല്‍.എ പറഞ്ഞു. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മെഹറൗലി മണ്ഡലത്തില്‍ നിന്നാണ് നരേഷ് യാദവ് വിജയിച്ചത്.