‘ബസിൽ തൊട്ടുരുമ്മി യുവാവ്, ലൈംഗിക ചേഷ്ട, സ്വയംഭോഗം ചെയ്തു’; കൈയ്യോടെ പൊക്കി യുവനടി, പ്രതി റിമാൻഡിൽ
കൊച്ചി: പട്ടാപ്പകൽ കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികന്റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്ന് യുവനടി തന്റെ സോഷ്യൽ മീഡിയ അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയിൽ അത്താണിയിലാണ് സംഭവം. അങ്കമാലിയിൽ നിന്നുമാണ് യുവാവ് ബസിൽ കയറുന്നത്. തന്റെ അടുത്തായി വന്നിരുന്നു, അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസിൽ കയറിയതുമുതൽ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാൻ തുടങ്ങി. കുറച്ച് കഴിഞ്ഞതോടെ പാന്റിന്റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്തു- യുവതി പറയുന്നു.