18കാരിയെ കാണാതായി, പൊലീസ് സ്റ്റേഷന് സമീപത്തുവച്ച് കാമുകനെ മർദ്ദിച്ച ബന്ധുക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: യുവതിയെ വീട്ടിൽ നിന്ന് കാണാതായതിന് കാമുകനെ മർദ്ദിച്ചവശനാക്കിയ സംഭവത്തിൽ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റിൽ. യുവതിയുടെ ബന്ധുക്കളായ പുളിയറക്കോണം കാവിൻപുറം സ്വദേശികളായ ജിത്തു (28), സെൽവരാജ് (58) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം ഏഴുകോൺ സ്വദേശിയായ അനുരാജ് (20) ആണ് ക്രൂരമർദ്ദനത്തിനിരയായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: അനുരാജും 18കാരിയായ യുവതിയും അടുപ്പത്തിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച യുവതിയെ വീട്ടിൽ നിന്ന് കാണാതായി. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ കൊല്ലം ഏഴുകോണിൽ ഉള്ളതായി വിവരം ലഭിച്ചു. തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം അനുരാജ് കഴിഞ്ഞദിവസം വിളപ്പിൽശാല സ്റ്റേഷനിൽ ഹാജരായി.
പിന്നാലെ യുവതിയുടെ ബന്ധുക്കളെ വിളിച്ചുവരുത്തുകയും യുവതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ അനുരാജിനെ കണ്ട യുവതിയുടെ ബന്ധുക്കൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിളപ്പിൽശാല പൊലീസ് സ്റ്റേഷന് സമീപത്തുവച്ചായിരുന്നു മർദ്ദനം. അടിയേറ്റ് അനുരാജിന്റെ പല്ലുകൾ ഇളകിപ്പോവുകയും ചെയ്തിരുന്നു. അറസ്റ്റിലായ ജിത്തുവിനെയും സെൽരാജിനെയും കോടതിയിൽ ഹാജരാക്കി.