‘ലിയോ’യ്ക്ക് ശേഷം ദളപതി വിജയ് വെങ്കട് പ്രഭു ചിത്രത്തില്‍ ? വമ്പന്‍ പ്രതിഫലം ഓഫര്‍ ചെയ്ത് നിര്‍മ്മാതാക്കള്‍
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയുടെ 67-ാമത് ചിത്രം ലിയോയുടെ അപ്ഡേറ്റുകള് തീര്‍ത്ത ആവേശം കെട്ടടങ്ങും മുന്‍പ് ദളപതി 68 സംബന്ധിച്ച വിവരങ്ങളാണ് തമിഴ് സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്. മങ്കാത്ത , മാനാട് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത വെങ്കട്ട് പ്രഭു ആണ് വിജയുടെ പുതിയ ചിത്രം ഒരുക്കുക എന്നാണ് പിങ്ക് വില്ല അടക്കമുള്ള സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആദ്യമായാണ് വിജയ് വെങ്കട് പ്രഭുവിനൊപ്പം സിനിമ ചെയ്യുന്നത്. വിജയുടെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായ ബിഗില്‍ നിര്‍മ്മിച്ച എജിഎസ് എന്റര്‍ടൈന്‍മെന്‍സ് ആകും ദളപതി 68 നിര്‍മ്മിക്കുക എന്നാണ് റിപ്പോര്‍ട്ട്.
യുവന് ശങ്കര്‍ രാജയാകും ചിത്രത്തിന്റെ സംഗീത സംവിധാനം എന്നും റിപ്പോര്‍ട്ടുണ്ട്. ദളപതി 68നായി വമ്പന്‍ പ്രതിഫലമാണ് വിജയ്ക്ക് നിര്‍മ്മാതാക്കള്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. ഏകദേശം 150 കോടിയോളമാണ് എജിഎസ് എന്റര്‍ടൈന്‍മെന്‍സ് നായകനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. 300 കോടിയിലധികം കളക്ഷന്‍ നേടിയ ബിഗില്‍ എജിഎസിന് വലിയ ലാഭം ഉണ്ടാക്കി കൊടുത്തിരുന്നു.
സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന് കൂടിയാണ് വിജയ്. ബോക്സ് ഓഫീസ് പ്രകടനം പരിഗണിക്കാതെ തന്നെ വിജയ് സിനിമ നോണ്‍ തിയേറ്റർ റൈറ്റുകളിലൂടെ നല്ല ലാഭം ഉറപ്പാക്കുന്ന അവസ്ഥയിലാണ് ഇത്രയും വലിയ പ്രതിഫലത്തിലേക്ക് വിജയിനെ എത്തിക്കുന്നത് എന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലിയോ’യാണ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന വിജയ് ചിത്രം. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്ജുൻ, മാത്യു തോമസ്, മിഷ്കിൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.