എസ്എഫ്ഐയ്ക്ക് ഒരു വെല്ലുവിളിയുമില്ലാത്ത കോളേജിലെ ആള്‍മാറാട്ടം റിട്ടേണിംഗ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ച്
തിരുവനന്തപുരം: കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം റിട്ടേണിംഗ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ച്. ഉദ്യോഗസ്ഥൻ പ്രിൻസിപ്പാലിന് നൽകിയത് മത്സരിച്ച് ജയിച്ചവരുടെ പേര് മാത്രമായിരുന്നു. എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ പേര് തിരുത്തി ചേർത്ത പ്രിൻസിപ്പാലിനെതിരെ സർവകലാശാല നടപടി എടുത്തേക്കും
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ ആസൂത്രിത അട്ടിമറിക്ക് കൂടുതൽ തെളിവുകളാണ് പുറത്ത് വരുന്നത്. റിട്ടേണിംഗ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ജയിച്ചവരുടെ പട്ടിക തിരുത്തിയാണ് എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ പേര് ചേർത്ത് പ്രിൻസിപ്പൽ സർവ്വകലാശാലക്ക് നൽകിയത്.
രണ്ട് ഘട്ടങ്ങളിലായി പാലർമെന്റ് ഇലക്ഷൻ മാതൃകയിലാണ് കട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പ് നടന്നത്. എസ്എഫ്ഐയ്ക്ക് ഒരു വെല്ലുവിളിയുമില്ലാത്ത ക്യാംപസില്‍ ആദ്യം നടന്ന ക്ലാസ് റെപ്പ് തെരഞ്ഞെടുപ്പിൽ, 43ൽ 43 സീറ്റും നേടിയാണ് എസ്എഫ്ഐയുടെ വമ്പൻ ജയം. പിന്നീട് യൂണിയൻ പ്രതിനിധികളെ കണ്ടെത്താനുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. ജയിച്ചവരുടെ പേരുകൾ പ്രഖ്യാപിച്ച് റിട്ടേണിംഗ് ഓഫീസർ ഒപ്പിട്ട് പ്രസിദ്ധീകരിച്ച രേഖയാണിത്. യുയുസിയായി തെരഞ്ഞെടുക്കപ്പെട്ടത്, സെക്കന്റ് ഡിസിയിലെ അനഘ എ.എസും, ആരോമൽ വി.എല്ലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ അനഘയുടെ പേര് തിരുത്തിയാണ് പ്രിൻസിപ്പാൾ സർവകലാശാലയ്ക്ക് പട്ടിക നൽകിയത്. 23 വയസ്സ് കഴിഞ്ഞ വിശാഖിന് ചട്ടപ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. പക്ഷെ വിശാഖിനെ മത്സരിക്കാൻ അനുവദിക്കാനായി തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർക്കുമേൽ തുടക്കം മുതൽ സമ്മർദ്ദമുണ്ടായതായാണ് വിവരം. സമ്മർദ്ദം വിഫലമായതോടെയാണ് പ്രിൻസിപ്പൽ വഴി പേര് തിരുത്തി. വിശാഖിനെ ഉൾപ്പെടുത്തിയതെന്നാണ് സൂചന.