കെ എസ് ഇ ബിയുടെ ബാദ്ധ്യത കൂടുന്നു; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കെ എസ് ഇ ബിയുടെ ബാദ്ധ്യത കൂടുകയാണെന്നും ജനങ്ങൾക്ക് അധിക ബാദ്ധ്യതയുണ്ടാകുന്ന രീതിയിലുള്ള വർദ്ധനവുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കേന്ദ്ര നയം തിരിച്ചടിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വരവും ചെലവും നോക്കി റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് വർദ്ധനവ് തീരുമാനിക്കേണ്ടത്. വൈദ്യുതി നിരക്ക് വലിയ രീതിയിൽ വർദ്ധിക്കാൻ സാദ്ധ്യതയില്ലെന്നാണ് എനിക്ക് തോന്നുന്നത്. പത്തൊൻപതിനായിരം കോടിയോളം നഷ്ടത്തിലാണ്. അത് കുറച്ചുകൊണ്ടുവരണം.
അതുപോലെ തന്നെ കേന്ദ്ര സർക്കാരിന്റെ ഒരു നയവും വിഷമമുണ്ടാക്കുന്നുണ്ട്. ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്നൊരു നയമെടുക്കുമ്പോൾ റെഗുലേറ്ററി കമ്പനി തന്നെ വില നിശ്ചയിക്കുകയാണ്. അത് കഴിഞ്ഞിട്ടേ റെഗുലേറ്ററി കമ്മീഷന് അധികാരമുള്ളൂ. അതുകൊണ്ടാണ് ചാർജ് വർദ്ധനവ് ഇത്രയും വരുന്നത്.’- അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ വർഷം വൈദ്യുതി നിരക്ക് 6.6% വർദ്ധിപ്പിച്ചിരുന്നു.