മറൈന്‍ ഡ്രൈവില്‍ വീണ്ടും നിയമം ലംഘിച്ച് ബോട്ട് യാത്ര: 140 പേരെ കയറ്റേണ്ട ബോട്ടില്‍ 170 പേര്..!
കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ നിയമലംഘനം നടത്തിയ ബോട്ട് പിടികൂടി. 140 പേരെ കയറ്റാവുന്ന ഉല്ലാസ ബോട്ടില്‍ 170 പേരെയാണ് കയറ്റിയത്. മിനാര്‍ എന്ന ബോട്ടിലാണ് നിയമലംഘനം നടന്നത്. ബോട്ടിലെ സ്രാങ്കിനെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അനുവദിച്ചതില്‍ കൂടുതല്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയ രണ്ട് ബോട്ടുകള്‍ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
മലപ്പുറം താനൂര്‍ ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ബോട്ടുകളുടെ മരണക്കളി കൊച്ചിയില്‍ പൊലീസ് പൊക്കിയത്. കൊച്ചിയില്‍ സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളെയാണ് ചട്ടം ലംഘിച്ചതിന് പൊലീസ് പിടികൂടിയത്. അനുവദനീയമായതിലധികം ആളുകളെ കയറ്റി സെന്റ് മേരീസ് ബോട്ടാണ് സര്‍വീസ് നടത്തിയത്. സംഭവത്തില്‍ ബോട്ടുകളിലെ സ്രാങ്കുമാരായ നിഖില്‍, ഗണേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരുടേയും ലൈസന്‍സും ബോട്ടുകളുടെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.