ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി: സര്‍വ്വേ വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു
കാസര്‍കോട്: ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയിലേക്ക് ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത പിലിക്കോട് പഞ്ചായത്തില്‍ സര്‍വേ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. പിലിക്കോട് പഞ്ചായത്ത് ഹാളിലും വെള്ളച്ചാല്‍ ബാങ്ക് പരിസരത്തുമാണ് പരിശീലനം സംഘടിപ്പിച്ചത്. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.
മെയ് 25 നുള്ളില്‍ സര്‍വ്വേ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനും ജൂണ്‍ ആദ്യവാരം ഡിജിറ്റല്‍ ലിറ്ററസി ക്ലാസ് പഞ്ചായത്തില്‍ ആരംഭിക്കാനും തീരുമാനമെടുത്തു. രണ്ടു മണിക്കൂര്‍ വീതം അഞ്ചു ദിവസമായിരിക്കും ക്ലാസ്. 15 വയസ്സ് മുതല്‍ ഉള്ളവര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ പാഠങ്ങള്‍ പഠിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 16 വാര്‍ഡുള്ള പഞ്ചായത്തില്‍ നിന്ന് 142 സന്നദ്ധപ്രവര്‍ത്തകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഇവരുടെ നേതൃത്വത്തിലാണ് വീടുവീടാന്തരം ഓണ്‍ലൈന്‍ സര്‍വ്വേ നടക്കുക. കൈറ്റാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന സാക്ഷരത മിഷന് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കൈറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണ് ഇ-മുറ്റം നടപ്പാക്കുന്നത്.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.വി.ചന്ദ്രമതി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.വി.സുലോചന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി.വിജയന്, ഗ്രാമപഞ്ചായത്ത് അംഗം വി.പ്രദീപ്, ജില്ലാ സാക്ഷരത സമിതി അംഗങ്ങളായ പപ്പന് കുട്ടമത്ത്, കെ.വി.രാഘവന് മാസ്റ്റര്‍, എസ്.എസ്.എ മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.രവീന്ദ്രന്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മധുസൂദനന് എന്നിവര്‍ സംസാരിച്ചു. കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ശങ്കര്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാരായ ജോജി ജോസഫ്, കെ.വി.മനോജ് കുമാര്‍, കെ.അനില്‍കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. സാക്ഷരതാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു പദ്ധതിയുടെ കര്‍മ്മപരിപാടി അവതരിപ്പിച്ചു. പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ എം.കെ.ഹരിദാസ് സ്വാഗതവും സാക്ഷരതാ മിഷന് പ്രേരക് സജിനി നന്ദിയും പറഞ്ഞു.