ആളുകള്‍ നോക്കിനില്‍ക്കേ മെട്രോയില്‍ പരസ്യ സ്വയംഭോഗം; യുവാവിന്റെ ചിത്രം പുറത്ത് വിട്ട് പോലീസ്
ഡല്‍ഹി: മെട്രോ ട്രെയിനില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ അടുത്തിരിക്കെ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവിന്റെ ചിത്രം പുറത്തുവിട്ട് ഡല്‍ഹി പോലീസ്. ആളെ തിരിച്ചറിഞ്ഞാല്‍ വിവരം പോലീസിനെ അറിയക്കണമെന്ന് ഡല്‍ഹി മെട്രോ പോലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആവശ്യപ്പെട്ടു. യുവാവിനെക്കുറിച്ച് വിശദാംശങ്ങള്‍ നല്കുന്ന വ്യക്തിയുടെ ഐഡിന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് രാജ്യതലസ്ഥാനത്ത് ആകെ നാണക്കേടായ സംഭവം അരങ്ങേറിയത്. ദില്ലി മെട്രോയിയില്‍ യാത്രക്കിടെ യുവാവ് മൊബൈലില്‍ വീഡിയോ കണ്ട് സ്വയംഭോഗം ചെയ്യുകയായിരുന്നു. സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ നോക്കി നില്‍ക്കെയായിരുന്നു യുവാവിന്റെ പ്രവൃത്തി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മലിവാള്‍ പോലീസിനും ഡല്‍ഹി മെട്രോ അധികൃതര്‍ക്കും നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.
സിസിടിവികള്‍ പരിശോധിച്ചാണ് യുവാവിന്റെ ചിത്രം ഒടുവില്‍ പോലീസ് പുറത്തുവിട്ടത്. യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 8750871326 എന്ന നമ്പറിലോ കണ്ട്രോള് റൂം നമ്പര്‍ 1511 ലോ, പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പരായ 112 ലോ അറിയിക്കണമെന്ന് ഡല്‍ഹി മെട്രോ ഡിസിപി ട്വീറ്റില്‍ അറിയിച്ചു. ‘അറപ്പുളവാക്കുന്നതാണ് യുവാവിന്റെ ചെയ്ത്തി’ എന്നായിരുന്നു സംഭവം ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെ ഡല്‍ഹി വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മലിവാളിന്റെ പ്രതികരണം.
സംഭവം അതീവ ഗുരുതരമായ വിഷയമാണെന്നും വീഡിയോയിലുള്ള യുവാവിനെതിരെ കേസെടുക്കണമെന്നും സ്വാതി പോലീസിന് നിര്‍ദ്ദേശം നല്കി. കേസെടുത്ത് എഫ്ഐആറിന്റെ പകര്‍പ്പും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും മേയ് ഒന്നിനകം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന് അധ്യക്ഷ പോലീസിന് നോട്ടീസും അയച്ചിരുന്നു. സംഭവം നടന്ന് ആഴ്ചകളായിട്ടും പ്രതിയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. ഇതിന് പിന്നാലെയാണ് പോലീസ് യുവാവിന്റെ ചിത്രം പുറത്തുവിട്ടത്.