എസ് എഫ് ഐയുടെ ആൾമാറാട്ടം; വിവാദമായതോടെ പിശക് പറ്റിയെന്ന വിശദീകരണവുമായി കോളേജ് പ്രിൻസിപ്പൽ
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടം വിവാദമായതോടെ തിരുത്തി പ്രിൻസിപ്പൽ. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി)യുടെ പേര് നൽകിയതിൽ പിശക് പറ്റി എന്ന് ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. ഇക്കാര്യം കേരള സർവകലാശാലയെ അറിയിക്കുകയും ചെയ്തു.
തിരഞ്ഞെടുക്കപ്പെട്ട യുയുസി അനഘ രാജി വയ്ക്കുകയാണ് ഉണ്ടായതെന്ന് പ്രിൻസിപ്പൽ ജി ജെ ഷൈജു പറഞ്ഞു. സർവകലാശാലയ്ക്ക് അയച്ച പേരിൽ പിശക് പറ്റി, തിരുത്തി അയച്ചുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. പ്രിൻസിപ്പലിനോട് ഉടൻ നേരിട്ട് ഹാജരാകാൻ കേരള സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.
യുയുസി ആയി ജയിച്ച അനഘയ്ക്ക് പകരം കോളേജിൽ നിന്ന് നൽകിയത് എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ പേരായിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്. തിരഞ്ഞെടുപ്പ് നടപടിയിൽ അടക്കം സംശയം കാണുന്നുവെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും സർവകലാശാല അറിയിച്ചു.
ഡിസംബർ 12നാണ് ക്രിസ്ത്യൻ കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത്. യുയുസി സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിലെ ആരോമലും അനഘയുമാണ് ജയിച്ചത്. എന്നാൽ, കൗൺസിലർമാരുടെ പേരുകൾ കോളേജിൽ നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് നൽകിയപ്പോൾ അനഘയ്ക്ക് പകരം കോളേജിലെ ഒന്നാം വർഷ ബിഎസ്സി വിദ്യാർത്ഥി എ വിശാഖിന്റെ പേരാണ് ഉണ്ടായിരുന്നത്. എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണ് വിശാഖ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിരുന്നില്ലെന്നാണ് ഒരു പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, സംഭവത്തിൽ സിപിഎം അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. നേതൃത്വങ്ങൾക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. എസ്എഫ്ഐ നേതൃത്വത്തിനെതിരെ പെൺകുട്ടി മൊഴി നൽകിയതായും സൂചനയുണ്ട്.